
രണ്ടര മണിക്കൂർ നീണ്ടുനിന്ന റെഡ് ഹോട്ട് ചില്ലി പെപ്പേഴ്സ്, ബില്ലി എയ്ലിഷ്, സ്നൂപ് ഡോഗ്, ഡോ. ഡ്രെ എന്നിവർ മാസ്മരിക സംഗീത പ്രകടനങ്ങൾക്കും, ഹോളിവുഡിൻ്റെ താരരാജാവ് ടോം ക്രൂയിസിൻ്റെ ആക്ഷൻ വിസ്മയങ്ങൾക്കുമൊടുവിൽ 33ാമത് ഒളിംപിക്സിന് പാരിസിൽ സമാപനമായി.
സ്റ്റാഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിൻ്റെ റൂഫ് ടോപ്പിൽ നിന്നാണ് ഹോളിവുഡ് ആക്ഷൻ കിംഗ് ഒളിംപിക് ദീപശിഖയുമായി പറന്നിറങ്ങിയത്. ആവേശത്തോടെയും നിറഞ്ഞ കയ്യടികളോടെയുമാണ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾ താരത്തെ വരവേറ്റത്. കായിക താരങ്ങൾക്കിടയിലൂടെ ബൈക്കിലൂടെ ചീറിപ്പായുന്ന, ഹസ്തദാനം നൽകിയും സെൽഫിയെടുത്തുമല്ലാം നീങ്ങുന്ന ടോം ക്രൂയിസിനെയാണ് കാണാനായത്. ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സമാപന ചടങ്ങിനൊടുവിൽ പാരിസ് മേയർ ആൻ ഹിൻഡാൽഗോയിൽ നിന്ന് ലോസ് എയ്ഞ്ചലസ് മേയർ കരൻ ബാസ് ഒളിംപിക് പതാക ഏറ്റുവാങ്ങി. ഇനി 2028ൽ അമേരിക്കൻ നഗരമായ ലോസ് എയ്ഞ്ചലസാണ് വിശ്വകായിക മാമാങ്കത്തിന് വേദിയാവുക.