
കേരളത്തിൽ നാശം വിതച്ച് പെരുമഴ തുടരുന്നു. മഴ മൂന്ന് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ മാസം 19ഓടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും. നാളെ വയനാട് ജില്ലയിൽ റെഡ് അലേർട്ടും എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് വയനാട്ടിൽ നാളെ പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിച്ചു. അതേസമയം മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു.
വടക്കൻ മലബാർ
വടക്കൻ കേരളത്തിൽ പലയിടങ്ങളിലും ഇടവിട്ടാണ് മഴ പെയ്യുന്നത്. ശക്തമായ മഴയിലും കാറ്റിലും പലയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. പാലക്കാട് മഴക്കെടുതിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുഴയിൽ തേങ്ങ പെറുക്കാൻ ഇറങ്ങിയ അയിലൂർ മുതുകുന്നി സ്വദേശി രാജേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു. കണ്ണൂരിൽ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലിൽ ഗതാഗതം തടസപ്പെട്ടു. കൊട്ടിയൂർ പാൽചുരത്തിലുണ്ടായ മണ്ണിടിച്ചിലിൽ കൂറ്റൻ പാറക്കല്ലുകൾ ഉൾപ്പടെ റോഡിലേക്ക് വീണു. ഒന്നാം വളവിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പാനൂർ കുന്നോത്ത് പറമ്പ് കൈവേലിക്കലിൽ കല്യാണിയുടെ വീട്ടിലെ കിണർ ഇടിഞ്ഞ് താഴ്ന്നു.
റെഡ് അലേർട്ട് നിലനിൽക്കുന്ന വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണുള്ളത്. കൽപറ്റ ബൈപാസിൽ മണ്ണിടിഞ്ഞു. പുലർച്ചെ 3 മണിയോടെയായിരുന്നു മണ്ണിടിഞ്ഞത്. പാതയുടെ മുകളിലെ മലയിൽ ഉരുൾപൊട്ടിയാതായി സംശയമുണ്ട്. ജില്ലയിൽ 8 ദുരിദാശ്വാസ ക്യാമ്പുകളിലായി 50 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മാനന്തവാടി, ബാവലി, മുത്തങ്ങ, പനമരം പുഴകൾ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. തൊണ്ടർനാട്, തരിയോട്, കള്ളാടി, ലക്കിടി, പുത്തുമല തുടങ്ങിയ സ്ഥലങ്ങളും ശക്തമായ മഴയാണ് പെയ്യുന്നത്.
കോഴിക്കോട് കുറ്റ്യാടിയിലെ മലയോരങ്ങളിൽ അതിശക്തമായ ചുഴലിക്കാറ്റുണ്ടായി. കോതോട്, മൊയ്‌ലോത്ര ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. കുറ്റ്യാടിയിൽ കൂറ്റൻ മരം വീണ് വൈദ്യുതി ലൈൻ പൂർണമായും തകർന്നു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭവും റിപ്പോർട്ട് ചെയ്തു. അതിശക്തമായ കാറ്റും ഉയർന്ന തിരമാലകളും ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ 5 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ആകെ 53 പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. അപകട ഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കും.
കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിൽ പലയിടങ്ങളും മരങ്ങൾ കടപുഴകി വീണു. പരപ്പനങ്ങാടി ആനങ്ങാടിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കണ്ടെയ്നറിനു മുകളിലേക്കാണ് മരം വീണത്. അമരമ്പലം പറയംങ്കാടിൽ കിണർ ഇടിഞ്ഞു താഴ്ന്നു. മഴ കനത്തത്തോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എടവണ്ണപ്പാറ വിളയിൽ എളങ്കാവിൽ തടത്തിൽ പള്ളിക്കടവ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങി. വടക്കൻ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സന്ദർശകർക്ക് വിലക്കുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ജില്ലാ ഭരണകൂടങ്ങൾ സുസജ്ജമാണെന്ന് വിവിധ ജില്ലാ കളക്ടർമാർ അറിയിച്ചു.
മധ്യകേരളം
മഴക്കെടുതിയിൽ മധ്യകേരളത്തിലും വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് പേർക്ക് ജീവൻ നഷ്ടമായി. ഇടുക്കി താളുംങ്കണ്ടം കുടിയില്‍ കൈത്തോട്ടില്‍ കാല്‍വഴുതി വീണ് ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപം മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറാട്ട് പുഴ സ്വദേശി ഉനൈസിൻ്റെ ജീവനും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മഴയെ തുടർന്ന് സമീപത്തെ കട തിണ്ണയിൽ കയറി നിൽക്കവേ മരം വീണ് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ ഉനൈസാണ് ചികിത്സയിലിരിക്കെ മരിച്ചത്. പത്ത് മിനിറ്റിലധികം മരത്തിനടിയിൽ കുടുങ്ങി കിടന്ന ശേഷമാണ് ഉനൈസിനെ പുറത്തെടുക്കാനായത്.
ഇടുക്കി മാങ്കുളം താളുംങ്കണ്ടം കുടിയിലെ കൈത്തോട്ടില്‍ കാല്‍വഴുതി വീണ് ഇരുപത്തിയൊന്നുകാരനായ സുനീഷ് സുരേഷ് മരിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. താളുംങ്കണ്ടം കുടിയിലെ ബന്ധുവീട്ടില്‍ നിന്നും മടങ്ങും വഴിയായിരുന്നു അപകടം.
ആലപ്പുഴ ജില്ലയിൽ കാറ്റിലും മഴയിലും ഇതുവരെ 108 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. പമ്പ മണിമല അച്ചൻ കോവിലാറിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അപ്പർ കുട്ടനാട്ടിൽ എൻഡിആർഎഫ് സംഘം സന്ദർശനം നടത്തി. എറണാകുളം പള്ളിക്കരയിൽ ശക്തമായ മഴയിൽ കുന്നിടിഞ്ഞ് വീട് തകർന്നു. മുട്ടംതോട്ടിൽ ജോമോൻ മാത്യൂവിൻ്റെ വീട്ടിലേക്കാണ് ഇന്നലെ രാത്രി മണ്ണിടിഞ്ഞ് വീണത്. വീടിൻ്റെ ബെഡ് റൂം അടക്കം മണ്ണിടിച്ചിലിൽ തകർന്നു. ജോമോനും കുടുംബവും ഭക്ഷണം കഴിക്കുന്നതിനിടെയിലായിരുന്നു അപകടം. രണ്ട് കുട്ടികൾ അടങ്ങുന്ന നാലംഗ കുടുംബം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തൃശൂർ തൃക്കൂർ പഞ്ചായത്തിലെ കല്ലൂർ, ആലേങ്ങാട് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. തൃശ്ശൂർ വേലൂർ പുലിയന്നൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു. കുറുമാലിപ്പുഴ കരകവിഞ്ഞ് പുതുക്കാട് വ്യാപക കൃഷി നാശമുണ്ടായി. തൃശൂർ പറപ്പൂക്കര പഞ്ചായത്തിലെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നെടുമ്പാള്‍ തീരദേശം, ജൂബിലി നഗര്‍, തൊട്ടിപ്പാള്‍, മാടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. ജില്ലയിൽ രണ്ട് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു. 15 പേരെ മാറ്റി താമസിപ്പിച്ചു. കരയാംപാടത്തെ 100 ഏക്കറോളം നെല്‍കൃഷി വെള്ളത്തിനടിയിലാണ്. അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ മുക്കംപുഴ കോളനിക്ക് സമീപം വൈദ്യുതപോസ്റ്റുകൾ ഒടിഞ്ഞ് വീണ് വാഹന ഗതാഗതം തടസപ്പെട്ടു. അതിനിടെ തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിലെ യാത്ര ദുരിതത്തിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് തൊഴിലാളികൾ രംഗത്തെത്തിയിരുന്നു. മഴ ശക്തമായതോടെ റോഡുകൾ തകർന്നതാണ് പ്രതിഷേധത്തിന് കാരണം. കോട്ടയം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞുവെങ്കിലും പലയിടത്തും വെള്ളക്കെട്ട് തുടരുന്നുണ്ട്.
കോട്ടയം താലൂക്കിൽ 3 ദുരിതാശ്വാസ ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 45 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പുഴയിലെ ജല നിരപ്പ് താഴ്ന്നതോടെ എറണാകുളം ജില്ലയിൽ പെരിയാറിൻ്റെ തീരങ്ങളിലെ ആശങ്ക ഒഴിഞ്ഞിട്ടുണ്ട്. കോട്ടയം വിജയപുരം താമരശ്ശേരിയിൽ മണ്ണിടിഞ്ഞ് ആനത്താനത്ത് കോതകേരിൽ അന്നമ്മ മാത്യുവിൻ്റെ വീടിനും ചർച്ച് ഓഫ് ഗോഡ് ആനത്താനം സെൻ്ററിനും കേടുപാട് സംഭവിച്ചു. അപകടത്തിൽ ആളപായമില്ല. പത്തനംതിട്ട വയ്യാറ്റുപുഴയിൽ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു. വയ്യാറ്റുപുഴ സ്വദേശി ജോയിയുടെ പശു ഫാമിന് മുകളിലേക്കാണ് വൻ തേക്ക് മരം വീണത്. ആർക്കും പരിക്കില്ല.