
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണത്തിന് ഉത്തരവാദി ഇന്ത്യൻ റെയിൽവേയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. "റെയിൽവേ ലൈനുകൾക്ക് അടിയിലൂടെയാണ് ആമയിഴഞ്ചാൻ തോട് കടന്നുപോകുന്നത്. ട്രെയിനിൽ നിന്നുള്ള എല്ലാ മാലിന്യങ്ങളും ആമയിഴഞ്ചാൻ തോട്ടിലാണ് നിക്ഷേപിക്കുന്നത്. പരമാവധി നഷ്ടപരിഹാരം റെയിൽവെ ജോയിയുടെ കുടുംബത്തിന് നൽകണം. സംസ്ഥാന സർക്കാരിൻ്റെ നഷ്ടപരിഹാരത്തെ കുറിച്ച് ബുധനാഴ്ച മന്ത്രിസഭ തീരുമാനിക്കും." ശിവൻകുട്ടി പറഞ്ഞു. മഴക്കാല പൂർവ ശുചീകരണം നടന്നില്ല എന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ശിവൻകുട്ടി വിമർശിച്ചു.
അതേസമയം, ജോയിയുടെ മരണത്തിൽ സർക്കാരിനെ പഴിചാരി പ്രതിപക്ഷവും രംഗത്തെത്തി. അപകടത്തിൽ മനപ്പൂർവമുള്ള നരഹത്യയ്ക്ക് കേസെടുക്കണമെന്നും, ഇത് മിസ് മാനേജ്‌മെൻ്റിനുള്ള ഉദാഹരണമാണെന്നും ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. "മാലിന്യം നീക്കുന്നതിൽ നഗരസഭയ്ക്ക് ഗുരുതര വീഴ്ച പറ്റി. ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ റെയിൽവേയുടെ തലയിൽ കെട്ടിവെക്കുകയാണ്. മഴക്കാല പൂർവ ശുചീകരണം നഗരത്തിൽ കൃത്യമായി നടന്നിട്ടില്ല. എട്ട് കോടി രൂപ മാലിന്യ നിർമാർജ്ജനത്തിന് മാറ്റിവെച്ചു. ചിലവഴിച്ചത് രണ്ട് കോടി മാത്രമാണ്. മേയറുടെ പേരിൽ കേസെടുക്കണം" കെ. സുരേന്ദ്രൻ പറഞ്ഞു.
ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരന്‍ ആരോപിച്ചു. "ഇത് അധികാരികളുടെ കണ്ണു തുറക്കേണ്ട വിഷയമാണ്. നഗരസഭയും റെയിൽവേയും പരസ്പരം ചെളി വാരിയെറിയുന്നത് ഹീനവും അപമാനവുമാണ്. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വെയും തയ്യാറാകണം," സുധാകരന്‍ പറഞ്ഞു.