
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിൽ രേഖകൾ ഹാജരാക്കാന്‍ റെയിൽവേയ്ക്ക് ഹൈക്കോടതിയുടെ നിർദേശം. ആമയിഴഞ്ചാൻ മാലിന്യപ്രശ്നത്തിൽ ഹൈക്കോടതി അമിക്കസ്ക്യൂറിയെ നിയോഗിക്കുയും ചെയ്തു.
ആരെയും പഴിചാരാനുള്ള സമയമല്ലെന്ന് നിരീക്ഷിച്ച കോടതി, തോട്ടിലെ മാലിന്യം മുഴുവൻ നീക്കം ചെയ്യണമെന്നും നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ തോട്ടിൽ നിറഞ്ഞിരിക്കുകയാണെന്നും, ഇതെങ്ങനെ നീക്കം ചെയ്യാമെന്നത് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. മാലിന്യം നീക്കം ചെയ്യുന്നതിൽ റെയിൽവേയും സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി വ്യക്തമാക്കി.
ജോയിയുടെ മരണത്തിൽ നടുക്കം രേഖപ്പെടുത്തിയ കോടതി, തോടും സംഭവസ്ഥലവും സന്ദർശിച്ച ശേഷം വിശദമായ റിപ്പോർട്ട് നൽകാനും അമിക്കസ്‌ക്യൂറിയോട് ആവശ്യപ്പെട്ടു.