
ഓണച്ചിത്രങ്ങളില്‍ വമ്പന്‍ നേട്ടവുമായി ടൊവിനോ തോമസിന്‍റെ അജയന്‍റെ രണ്ടാം മോഷണം. നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം അഞ്ച് ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ നേടിയതായി അണിയറക്കാര്‍ അറിയിച്ചു. കുഞ്ഞിക്കേളു, മണിയന്‍, അജയന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളിലൂടെ മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കൃതി ഷെട്ടി,ഐശ്വര്യ രാജേഷ്, സുരഭി എന്നിവരാണ് സിനിമയിലെ നായികമാര്‍. തല്ലുമാല, 2018 എന്നിവയ്ക്ക് ശേഷമുള്ള ടൊവിനോയുടെ മികച്ച ബോക്സ്ഓഫീസ് പ്രകടനം കൂടിയാണ് ARM.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് സിനിമയുടെ നിർമ്മാണം. 2D, 3D ഫോര്‍മാറ്റുകളില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിൽ ‘കനാ’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്.