
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ഇളവ് തേടി പ്രതികൾ സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. കേസിലെ ആദ്യ ആറ് പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവർക്ക് ഇരട്ട ജീവപര്യന്തമാണ് ഹൈക്കോടതി വിധിച്ചത്. എന്നാൽ 12 വർഷമായി ജയിലിൽ കഴിയുകയാണെന്നും വിധി സ്റ്റേ ചെയ്യണെമെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസിൽ ശിക്ഷിച്ച ജ്യോതി ബാബുവും കെകെ കൃഷ്ണനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിചാരണ കോടതി വെറുതെ വിട്ട ഇവരെ ഹൈക്കോടതി ശിക്ഷിക്കുകയായിരുന്നു.
പ്രതികളുടെ ശിക്ഷായിളവിന് ശുപാർശ ചെയ്തതിന് കഴിഞ്ഞ ദിവസം ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തിരുന്നു. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ ചുമതലയുള്ള ജോയിൻ്റ് സൂപ്രണ്ട് കെഎസ് ശ്രജിത്ത്, അസിസ്റ്റൻ്റ് സൂപ്രണ്ട് ഗ്രേഡ് ഒന്ന് ബിജി അരുൺ, അസ്സിറ്റൻ്റ് പ്രിസൺ ഓഫീസർ ഒവി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി.
സഭയിൽ കെകെ രമ എംഎൽഎ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നെങ്കിലും സ്പീക്കർ നിഷേധിച്ചിരുന്നു. ശിക്ഷായിളവിന് നീക്കമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത്. പ്രതികൾക്ക് വേണ്ടിയാണ് സർക്കാറിൻ്റെ നീക്കമെന്ന വാദത്തിൽ ഉറച്ചു നിൽക്കുന്നതായി കെകെ രമ പറഞ്ഞു. ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ പ്രതികളുടെ ലിസ്റ്റ് വരുമോയെന്നും സർക്കാരിൻ്റെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടപടിയിലൂടെ സംഭവിച്ചതെന്നും കെകെ രമ പറഞ്ഞു.