സമരം അവസാനിപ്പിക്കാന്‍ ആശമാർ തന്നെ വിചാരിക്കണം; ഓണറേറിയം വർധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാർ: ടി.പി. രാമകൃഷ്ണന്‍

ആശമാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ പോലും അവര്‍ക്ക് അത് മനസിലാകുന്നില്ലെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.
സമരം അവസാനിപ്പിക്കാന്‍ ആശമാർ തന്നെ വിചാരിക്കണം; ഓണറേറിയം വർധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാർ: ടി.പി. രാമകൃഷ്ണന്‍
Published on


ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ അവര്‍ തന്നെ വിചാരിക്കണമെന്ന് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍. സര്‍ക്കാരുമായി ചര്‍ച്ചയുണ്ടാവുമെന്ന് ഞങ്ങള്‍ പറയുന്നില്ല. ആശമാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയാല്‍ പോലും അവര്‍ക്ക് അത് മനസിലാകുന്നില്ലെന്നും ടി.പി. രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

സമരത്തിന് പിന്നില്‍ മറ്റാരോ ആണ്. അതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നതെന്നും എംഎല്‍എ ആരോപിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ് എന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

വയനാട് ദുരന്തത്തില്‍ കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ടും ടി.പി. രാമകൃഷ്ണന്‍ പ്രതികരിച്ചു. കേന്ദ്രം കേരളത്തോടുള്ള അവഗണന തുടരുകയാണ്. കേരളത്തെ ഒരു തരത്തിലും സഹായിച്ചില്ല. വയനാട് ദുരന്തത്തില്‍ സഹായിച്ചതിന് വരെ പണം വാങ്ങി. കേന്ദ്രം കേരളത്തോട് സാമ്പത്തിക ഉപരോധം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആശാ വര്‍ക്കര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിച്ചുകൊണ്ട് സമരം നടത്തും. എന്നാല്‍ ഉപരോധ ദിവസം തന്നെ ആശാ വര്‍ക്കര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ സംബന്ധിച്ചാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

പരിശീലന പരിപാടിയില്‍ എല്ലാ ആശാവര്‍ക്കര്‍മാരും പങ്കെടുക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരിപാടിക്ക് ശേഷം ഹാജര്‍ നില അയക്കാനും ഹെല്‍ത്ത് മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 17,18, 19 തീയതികളിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, എന്നീ ജില്ലകളിലുള്ള ആശമാര്‍ക്കാണ് നിര്‍ദേശം ലഭിച്ചിട്ടുള്ളത്. അതാത് ജില്ലകള്‍ക്ക് അവരുടെ ആവശ്യാനുസരണം തീയതി നിശ്ചയിക്കാമെന്നും അധികൃതര്‍ അറിയിച്ചു. സമരം പൊളിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് സമരത്തില്‍ തുടരുന്ന ആശാവര്‍ക്കര്‍മാര്‍ ആക്ഷേപമുന്നയിച്ചു.

സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കാളിത്തം കുറക്കുകയാണ് ഈ ഉത്തരവിന്റെ ലക്ഷ്യമെന്നാണ് ആശാവര്‍ക്കേഴ്‌സ് സമരസമിതി നേതാവ് എം.എ. ബിന്ദുവിന്റെ പ്രതികരണം. മിക്ക ജില്ലകളിലും വൈകുന്നേരത്തോടെയാണ് നിര്‍ദേശം വന്നത്. ഷോര്‍ട്ട് നോട്ടീസില്‍ ആണെന്ന് പ്രത്യേകം പറയുന്നുണ്ട്. പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ മന്ത്രിതലത്തില്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമരവുമായി മുന്നോട്ടുപോകുമെന്നും, സര്‍ക്കാരിന്റെ കുതന്ത്രങ്ങളെ അതിജീവിക്കുമെന്നും സമരസമിതി അറിയിച്ചു.

ഫെബ്രുവരി 10നാണ് സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ആശാ വര്‍ക്കര്‍മാരുടെ തീരുമാനം. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ഒരു മാസത്തിലേറെയായി തുടരുന്ന ആശമാരുടെ സമരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കണക്കിലെടുത്തിട്ടില്ല. കേന്ദ്രമാണ് ഓണറേറിയം വര്‍ധിപ്പിക്കേണ്ടതെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇടതുപക്ഷവും സര്‍ക്കാരും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com