
പെരുമ്പാവൂരിൽ വ്യാപാര സ്ഥാപനത്തിലെ മാനേജർ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് പെരുമ്പാവൂർ നഗരത്തിൽ വ്യാപാരികളുടെ നേതൃത്വത്തിൽ കടകൾ അടച്ച് ഹർത്താൽ ആരംഭിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് പെറ്റൽസ് എന്ന വ്യാപാര സ്ഥാപനത്തിലെ മാനേജർ മലപ്പുറം ചേലമ്പ്ര സ്വദേശി സജിത്തിനെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ജിഎസ്‌ടി ഉദ്യോഗസ്ഥരുടെ അശാസ്ത്രീയമായ പരിശോധന മൂലം ഉണ്ടായ മനോവിഷമമാണ് ഇദ്ദേഹത്തിന്റെ മരണത്തിന് കാരണം എന്നാണ് ഒരു വിഭാഗം വ്യാപാരികൾ ആരോപിക്കുന്നത്. സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടുകളാണ് ജീവനൊടുക്കാന്‍ കാരണമെന്ന് എഴുതിവെച്ച കുറിപ്പാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് ഉച്ച വരെ പെരുമ്പാവൂരിലെ വ്യാപാരികൾ ഹർത്താൽ ആചരിക്കുന്നത്. രാവിലെ 10 മണിക്ക് പെരുമ്പാവൂരിൽ ഉള്ള ജിഎസ്‌ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടക്കും. ജിഎസ്‌ടി ഉദ്യോഗസ്ഥർക്കെതിരെ ശരിയായ അന്വേഷണം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ആലുവ മൂന്നാർ പ്രവർത്തിക്കുന്ന പെറ്റൽസ് ലേഡീസ് ഷോപ്പിൽ മാനേജർ സജിത്ത് കുമാർ തൂങ്ങി മരിച്ചത്.