തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്; നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

വൈകിട്ട് ഏഴിന് തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ടാണ് ആദ്യം നടക്കുക
തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്; നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം
Published on


തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് നാളെ നടക്കും. വൈകിട്ട് ഏഴിന് തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ടാണ് ആദ്യം നടക്കുക. പിന്നാലെ പറമേക്കാവ് ക്ഷേത്രത്തിന്റെ സാമ്പിൾ നടക്കും. സാമ്പിൾ വെടിക്കെട്ടിൻ്റെ ഭാ​ഗമായി വൈകിട്ട് മൂന്ന് മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തും. സ്വരാജ് റൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. അനധികൃത പാർക്കിങ് നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഒറ്റപ്പാലം, ഷൊർണൂർ, മെഡിക്കൽ കോളേജ്, ചേലക്കര, പഴയന്നൂർ, ചേറൂർ, വരടിയം, മുണ്ടൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ പെരിങ്ങാവ്, അശ്വിനി വഴി വടക്കേ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ മടങ്ങണം. കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട്, ചാവക്കാട്, പാങ്ങ്, പാവറട്ടി ഭാഗത്തുനിന്ന് വരുന്ന ബസുകൾ പൂങ്കുന്നത്തു നിന്നും പാട്ടുരായ്ക്കൽ വഴി വടക്കേ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കണം.

അമ്മാടം, കോടന്നൂർ, ആമ്പല്ലൂർ, കല്ലൂർ, ആനക്കല്ല്, പൊന്നൂക്കര, മണ്ണുത്തി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, കൊടകര, നെടുപുഴ, കൂർക്കഞ്ചേരി ഭാഗത്തേക്കുള്ള ബസുകൾ ബാല്യ ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ എത്തി സർവ്വീസ് അവസാനിപ്പിക്കണം. കാഞ്ഞാണി, അരണാട്ടുകര, അന്തിക്കാട്, മനക്കൊടി, ഒളരി എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ പടിഞ്ഞാറെ കോട്ടയിൽ സർവ്വീസ് അവസാനിപ്പിച്ച്, വെസ്റ്റ് പോലീസ് സ്റ്റേഷൻ്റെ സമീപത്തുള്ള കുന്നത്ത് ടെക്സ്റ്റൈൽസ് പാർക്കിംങ് ഗ്രൗണ്ടിലേക്ക് പോയി തിരികെ മടങ്ങണമെന്നും പൊലീസ് അറിയിച്ചു.


നഗരത്തിനു പുറത്തുള്ള ഭാഗങ്ങളിൽ ബസുകളുടെ സുഗമമായ ഗതാഗതം സാധ്യമാക്കുന്നതിനായി, നിലവിലുള്ള ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡിനും നോർത്ത് ബസ് സ്റ്റാൻഡിനും പുറമേ, വെസ്റ്റ് ഫോർട്ട് ജംഗ്ഷനിൽ ഒരു താൽക്കാലിക ബസ് സ്റ്റാൻഡ് ഉണ്ടായിരിക്കും. കാഞ്ഞാണി റോഡിൽ നിന്ന് വരുന്ന ബസുകൾ, സിവിൽ ലെയ്ൻ റോഡിൽ നിന്നും അരണാട്ടുകര റോഡിൽ നിന്നും വരുന്ന ബസുകൾ എന്നിവ ഗതാഗത സാഹചര്യത്തിനനുസരിച്ചുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മാത്രം ഈ താൽക്കാലിക ബസ് സ്റ്റാൻഡിൽ നിർത്തേണ്ടതാണ്.

കെഎസ്ആർടിസി ബസുകളുടെ ഗതാഗത ക്രമീകരണങ്ങൾ

കിഴക്ക് ഭാഗത്തുനിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ കിഴക്കേ കോട്ടയിൽ തിരിഞ്ഞ് ഇക്കണ്ട വാരിയർ റോഡ്, ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ് വഴി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തണം. തെക്ക് ഭാഗത്തുനിന്ന് വരുന്ന ബസുകൾ മുണ്ടുപാലത്ത് തിരിഞ്ഞ് ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, കൊക്കാലൈ, റെയിൽവേ സ്റ്റേഷൻ റോഡ് വഴി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്.

ഈ ബസുകൾ തിരികെ മാതൃഭൂമി ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, ഇക്കണ്ട വാരിയർ റോഡ് ജംഗ്ഷൻ വഴി പുതിയ റോഡിലൂടെ വലതുഭാഗത്തേക്ക് ഒല്ലൂർ, പാലിയേക്കര ജംഗ്ഷൻ എന്നിവിടങ്ങളിലേക്ക് തിരിയേണ്ടതാണ്. പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരുന്ന ബസുകൾ ശങ്കരയ്യർ റോഡ് ദിവാൻജിമൂല വഴി കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി അതേ വഴിയിലൂടെ തന്നെ തിരികെ പോകേണ്ടതാണ്.

ഗതാഗത സാഹചര്യങ്ങൾക്കനുസരിച്ചുള്ള ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കനുസരിച്ച് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ നിർദേശങ്ങൾ പാലിച്ച് സുരക്ഷിതമായ ഗതാഗതം ഒരുക്കാൻ എല്ലാ ബസ് ജീവനക്കാരും ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com