റെയില്‍ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍, പാഞ്ഞ് ട്രെയിന്‍; ഒഴിവായത് വൻ ദുരന്തം

ലോക്കോ പൈലറ്റ് സംഭവം റെയിൽവേ സംരക്ഷണ സേനയെ (ആർപിഎഫ്) അറിയിച്ചതിനാൽ ട്രെയിൻ 20 മിനിറ്റോളം സ്ഥലത്ത് നിർത്തിയിട്ടു
റെയില്‍ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍, പാഞ്ഞ് ട്രെയിന്‍; ഒഴിവായത് വൻ ദുരന്തം
Published on

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ്-ഭിവാനി കാളിന്ദി എക്‌സ്പ്രസ് പാളം തെറ്റിക്കാൻ ശ്രമം. ഗൂഢാലോചന കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ കാൺപൂരിലെ മുദേരി ഗ്രാമത്തിൽ ഒരു ക്രോസിംഗിന് സമീപം ട്രാക്കിൽ സ്ഥാപിച്ചിരുന്ന എൽപിജി ഗ്യാസ് സിലിണ്ടറുമായി ട്രെയിൻ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ എമർജൻസി ബ്രേക്ക് ചവിട്ടിയ ലോക്കോ പൈലറ്റിൻ്റെ പെട്ടെന്നുള്ള ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി.


രാവിലെ 8:20 ഓടെ കാളിന്ദി എക്‌സ്പ്രസ് ഹരിയാനയിലെ ഭിവാനിയിലേക്കുള്ള പതിവ് യാത്രയ്ക്കിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ശിവരാജ്‌പുരിലൂടെ കടന്നുപോകുമ്പോൾ റെയിൽവേ ട്രാക്കിൽ കിടക്കുന്ന എൽപിജി ഗ്യാസ് സിലിണ്ടർ ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടു. എമർജൻസി ബ്രേക്ക് ചവിട്ടുകയും, ഇടിയുടെ ആഘാതത്തിൽ പാളത്തിൽ നിന്ന് തെറിച്ചുപോയ സിലിണ്ടറിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. കൂട്ടിയിടിച്ചതിന് തൊട്ടുപിന്നാലെ ട്രെയിൻ  സർവീസ് കുറച്ചു നേരത്തേക്ക് നിർത്തിവെച്ചു.


ലോക്കോ പൈലറ്റ് സംഭവം റെയിൽവേ സംരക്ഷണ സേനയെ (ആർപിഎഫ്) അറിയിച്ചതിനാൽ ട്രെയിൻ 20 മിനിറ്റോളം സ്ഥലത്ത് നിർത്തിയിട്ടു. എക്‌സ്പ്രസ് പിന്നീട് യാത്ര തുടരുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണത്തിനായി ബിൽഹൗർ സ്റ്റേഷനിൽ വീണ്ടും നിർത്തിവെക്കേണ്ടി വന്നു. കേടായ എൽപിജി സിലിണ്ടറിനൊപ്പം പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടികളും ബാഗ് ഉൾപ്പെടെ സംശയാസ്പദമായ വസ്തുക്കളും ആർപിഎഫും ഉത്തർപ്രദേശ് പൊലീസും കണ്ടെടുത്തു.

ഫോറൻസിക് അന്വേഷണം ആരംഭിച്ചതായി കാൺപൂർ പൊലീസ് കമ്മീഷണർ ഹരീഷ് ചന്ദ്ര പറഞ്ഞു. നിർണായക റെയിൽവേ റൂട്ടുകളിൽ റെയിൽവേയും നിയമ നിർവഹണ ഏജൻസികളും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. യുപി പൊലീസ് ഡോഗ് സ്ക്വാഡുമായി സഹകരിച്ച് ആർപിഎഫ് വിശദമായ അന്വേഷണം നടത്തുകയും കൂടുതൽ സൂചനകൾക്കായി പ്രദേശത്ത് തെരച്ചിൽ നടത്തുകയും ചെയ്തു. അൻവർഗഞ്ച്-കാസ്ഗഞ്ച് റെയിൽവേ റൂട്ടിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com