ഇന്‍ഡ്യാ സഖ്യം ഇന്ത്യന്‍ എയര്‍ലൈന്‍സായി; വിഴിഞ്ഞത്ത് പരിഭാഷയില്‍ വഴിമാറിപ്പോയ മോദിയുടെ 'രാഷ്ട്രീയ പരിഹാസം'

പെട്ടെന്ന് തന്നെ മോദി പരിഭാഷകനെ തിരുത്തിയെങ്കിലും പിന്നീട് പരാമർശം ആവർത്തിക്കാൻ നിന്നില്ല
ഇന്‍ഡ്യാ സഖ്യം ഇന്ത്യന്‍ എയര്‍ലൈന്‍സായി; വിഴിഞ്ഞത്ത് പരിഭാഷയില്‍ വഴിമാറിപ്പോയ മോദിയുടെ 'രാഷ്ട്രീയ പരിഹാസം'
Published on

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഇൻഡ്യാ സഖ്യത്തെ' പരാമർശിക്കാൻ മറന്നില്ല. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ പ്രസ്താവന പക്ഷേ പരിഭാഷയിൽ മറ്റെന്തോ ആയി മാറി. രാഷ്ട്രീയ ഉദ്ദേശ്യം നടന്നില്ലെന്ന് മാത്രമല്ല തുറമുഖ ഉദ്ഘാടന വേദിയിലെ തമാശക്കാഴ്ചുമായി ഈ രം​ഗം.



"അങ്ങ് ഇൻഡ്യാ സഖ്യത്തിൻ്റെ നെടുന്തൂണാണ്," എന്നാണ് മുഖ്യമന്ത്രിയെ നോക്കി നരേന്ദ്ര മോദി പ്രസംഗത്തിനിടയില്‍ പറഞ്ഞത്. "ശശി തരൂരും വേദിയിലുണ്ട്, ഇന്നത്തെ ചടങ്ങ് ചിലരുടെ ഉറക്കം കെടുത്തിയേക്കും", ഫലിതം കലർത്തി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വതസിദ്ധമായ ഹിന്ദിയും ഇം​ഗ്ലീഷും കലർന്ന അവതരണശൈലിയിലുള്ള പ്രസം​ഗത്തിനിടയിൽ ഇങ്ങനെ ഒരു 'രാഷ്ട്രീയ പരിഹാസം' പരിഭാഷകൻ പ്രതീക്ഷിച്ചില്ല. അദ്ദേഹം ആലോചനകൾക്ക് ഇടം നൽകാതെ പരിഭാഷപ്പെടുത്തി. അതും ഇന്ത്യൻ എയർലൈൻസിനെ പറ്റി. "നമ്മുടെ എയർലൈൻസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ആവശ്യമായ ശ്രദ്ധ നൽകണം", ഇതായിരുന്നു വിവർത്തനം. 

പരിഭാഷകനിങ്ങനെ പറഞ്ഞതും വേദിയിലും സദസിലും ചെറിയ രീതിയിൽ ചിരി പടർന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യനും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം ആ നർമം പങ്കിട്ടു. പെട്ടെന്ന് തന്നെ മോദി വിവർത്തകനെ തിരുത്തിയെങ്കിലും പിന്നീട് പരാമർശം ആവർത്തിക്കാൻ നിന്നില്ല. തുറമുഖ വികസനത്തേപ്പറ്റിയും കേരളത്തേപ്പറ്റിയുമുള്ള പ്രസം​ഗം നിർത്തിയിടത്തു നിന്ന് തുടങ്ങി. പരിഭാഷയും.

"ഏവര്‍ക്കും എന്റെ നമസ്‌കാരം. ഒരിക്കല്‍ കൂടി ശ്രീ അനന്തപത്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്" എന്നു മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇന്ന് ആദി ശങ്കര ജയന്തിയാണെന്ന് ഓർമിപ്പിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നതായി പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് ശങ്കരന്റെ ജന്മസ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നു. കേരളത്തില്‍നിന്നു പുറപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ മഠങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രചൈതന്യമാണ് ശങ്കരനെന്നും മോദി പറഞ്ഞു. പിന്നീട് അങ്ങോട്ട് രാജ്യത്തിന്റെ വികസനം, ഫെഡറൽ സംവിധാനം, പ്രധാനമന്ത്രിയുടെ ക്ഷേമ പ്രവർത്തനം, കേരളത്തിലെ കമ്യൂണിസ്റ്റ് സ‍ർക്കാരിന്റെ വികസന അനുകൂല കാഴ്ചപ്പാട് എന്നിവയെല്ലാം പ്രധാനമന്ത്രിയുടെ വിഷയമായി.

സ്വാ​ഗത പ്രസം​ഗം മുതൽ വിഴിഞ്ഞത്തിന്റെ 'ക്രെഡിറ്റ്' ആർക്കെന്ന് ഒളിഞ്ഞും തെളിഞ്ഞും എൽഡിഎഫ് വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം യാഥാർഥ്യമാക്കിയത് ഒന്നും രണ്ടും പിണറായി സർക്കാരിൻ്റെ ഇച്ഛാശക്തിയാണെന്നും 'എല്‍ഡിഎഫ് വന്നു എല്ലാം ശരിയാക്കും' എന്ന വാഗ്ദാനം അർഥപൂർണമാക്കിയെന്നും വാസവന്‍ പറഞ്ഞു. 'കാലം കരുതിവെച്ച കർമയോഗി, തുറമുഖത്തിന്‍റെ ശില്‍പ്പി' എന്ന് വിശേഷിപ്പിച്ചാണ് മുഖ്യമന്ത്രിയെ മന്ത്രി സ്വാഗതം ചെയ്തത്.

അങ്ങനെ നമ്മള്‍ അതും നേടിയെന്നാണ് അധ്യക്ഷ പ്രസം​ഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. രാജ്യത്തിന്റെ ചരിത്രത്തിന്‍റെ വിസ്മൃതിയില്‍ നിന്നാണ് വിഴിഞ്ഞത്തെ വീണ്ടെടുത്ത് നവീകരിച്ച് വികസിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തില്‍ തുറമുഖ നിർമാണം നടക്കുന്നത്. ചെലവിന്‍റെ ഭൂരിഭാഗവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പ്രധാനമന്ത്രിയിൽ നിന്നും തീപ്പൊരി മറുപടി പ്രതീക്ഷിച്ചിരുന്ന ബിജെപി പ്രവർത്തകർ അതിന്റെ തുടക്കമായാണ് 'ഇൻഡ്യാ സഖ്യ' പരാമർശത്തെ കണ്ടത്. എന്നാൽ ആ തീ പരിഭാഷയിൽ കെട്ടുപോയി. പ്രധാനമന്ത്രിയുടെ പരിഹാസത്തിന്‍റെ ധ്വനികള്‍ ശരിയായി കിട്ടിയവർക്ക്  മാത്രമാകും ഇനി ഉറക്കം കെടുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com