
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൽ വിജയകരമായി പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചിന് ലൈസൻസുകൾ വിതരണം ചെയ്ത് മന്ത്രി കെ.ബി. ഗണേഷ് കുമാർ. 36 പേരിൽ 30 പേരാണ് ലൈസൻസുകൾ കൈപ്പറ്റിയത്. ഇതുവരെ 182 പേരാണ് തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തിൽ പരിശീലനത്തിന് പ്രവേശിച്ചത്. ലൈസൻസ് ഉണ്ടായിട്ടും വാഹനം ഓടിക്കാൻ അറിയാത്തവർക്കായി ട്രെയിനിംഗ് സെൻ്ററുകൾ ആരംഭിക്കുമെന്നും മന്ത്രി പരിപാടിയില്‍ പറഞ്ഞു.
നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവിങ് സ്കൂൾ സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചത്. തിരുവനന്തപുരത്ത് ആനയറയിലെ സ്വിഫ്റ്റ് അസ്ഥാനത്താണ് ഡ്രൈവിങ് സ്‌കൂളുകളുടെ ആദ്യ ഘട്ടം പ്രവർത്തനസജ്ജമായത്. ഹെവി മോട്ടോർവെഹിക്കിൾ ലൈസൻസ്, ലൈറ്റ് മോട്ടോർവെഹിക്കിൾ ലൈസൻസ്, ടൂവീലർ ലൈസൻസ്, ടൂവീലർ വിത്തൗട്ട് ഗിയർ ലൈസൻസ് എന്നിവയിലാണ് മിതമായ നിരക്കിൽ ഡ്രൈവിങ് പരീശിലനം നല്‍കിയത് . കെഎസ്ആർടിസിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനമടക്കം ഡ്രൈവിങ് സ്‌കൂളുകൾക്കായി വിനിയോഗിച്ചിരുന്നു. പ്രായോഗിക ക്ലാസുകളോടൊപ്പം വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള തിയറി ക്ലാസുകളും പരിശീലനത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു .