
കാറുകളില്‍ ചൈൽഡ് സീറ്റ് വേണമെന്ന വ്യവസ്ഥ ഉടൻ നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിയമപരമായ കാര്യമാണ് ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത്. രാജ്യത്ത് എല്ലായിടത്തും നടപ്പാക്കുമ്പോൾ ഇവിടെയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് കാറില്‍ പ്രത്യേക സുരക്ഷാ സീറ്റ് നിര്‍ബന്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവ് വന്നതിനു പിന്നാലെയാണ് ഗതാഗത മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. കുട്ടികള്‍ക്കുള്ള പ്രത്യേക സീറ്റ് സംവിധാനം കേരളത്തില്‍ ലഭ്യമല്ലെന്നും 14 വയസ്സുവരെയുള്ള കുട്ടികളെ കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തണമെന്നും ഗതാഗത മന്ത്രി നിര്‍ദേശിച്ചു.
പുതിയ ഉത്തരവ് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ തീരുമാനം. ബോധവത്കരണമാണ് ഉദ്ദേശിച്ചതെന്നും നടപ്പാക്കണോ എന്നതില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
ALSO READ : 1 മുതൽ 4 വയസുവരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു
കേന്ദ്രത്തില്‍ നിന്ന് ഗതാഗത വകുപ്പിന് ലഭിച്ച പുതിയ നിയമ നിര്‍മാണത്തിലുള്ള നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് കാറില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കായുള്ള പ്രത്യേക സീറ്റ്. എന്നാല്‍ ജനങ്ങളില്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ നിര്‍ദേശിച്ചിട്ടുള്ള കാര്യം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓര്‍മിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
ആദ്യഘട്ടമായി ഒക്ടോബര്‍ മാസത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം ബോധവത്കരണം, നവംബര്‍ മാസത്തില്‍ നിയമം ലംഘിച്ച് യാത്രചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് എന്നിങ്ങിനെ നടപ്പാക്കാനായിരുന്നു തീരുമാനം. ഡിസംബര്‍ മുതല്‍ നിയമം നടപ്പിലാക്കുമെന്നാണ് പറഞ്ഞിരുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഡിസംബര്‍ മുതല്‍ പിഴ ചുമത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം.