
എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന ആരോപണവുമായി കുടുംബം. കാഞ്ഞിരമറ്റം സ്വദേശിനി റംലത്ത് എന്ന 54കാരിക്ക് വൻകുടലിലെ മുഴ നീക്കം ചെയ്ത ശസ്ത്രക്രിയയിൽ വീഴ്ചയുണ്ടെന്നാണ് മകൻ ആരോപിക്കുന്നത്. ശസ്ത്രക്രിയയുടെ ഭാഗമായി പുറത്തെടുത്ത വൻകുടലിന്റെ ഒരു ഭാഗം ഇപ്പോഴും വയറിന് പുറത്ത് ഒരു ബാഗിൽ ചേർത്തുവെച്ചിരിക്കുകയാണ്. ഇത് തിരികെ ചേർക്കാനുള്ള ശസ്ത്രിക്രിയയ്ക്ക് സമയം അനുവദിച്ചത് മാസങ്ങൾക്ക് ശേഷമാണെന്നും കുടുംബം പൊലീസിനും എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിനും നൽകിയ പരാതിയിൽ പറയുന്നു.
അതേ സമയം കുടുംബത്തിന്റെ ആരോപണം ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു. എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഈ സങ്കീർണ ശസ്ത്രക്രിയ നടത്തുന്നത് ഡോക്ടർ സജി മാത്യു മാത്രമാണ്. അതിനാലാണ് രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് കാലതാമസം നേരിട്ടതെന്നുമാണ് ഡോ. ഷഹിർ ഷാ വിശദീകരിക്കുന്നത്.