തെലങ്കാനയിൽ ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവം: വർഗീയ കലാപത്തിന് വഴിമാറി സംഘർഷം

മാതാപിതാക്കളെ കാണാൻ പ്രതിയായ ഷെയ്ഖ് മഖ്‌ദും എന്നയാളിന്റെ ഓട്ടോയിൽ പോകവേയാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്
തെലങ്കാനയിൽ ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവം: വർഗീയ കലാപത്തിന് വഴിമാറി സംഘർഷം
Published on

തെലങ്കാനയിലെ ജെയ്‌നൂരിൽ ആദിവാസി യുവതിയെ ഓട്ടോഡ്രൈവർ പീഡിപ്പിച്ചതിനെ തുടർന്നുണ്ടായ സംഘർഷം വർഗീയ കലാപത്തിന് വഴിതുറന്നിരിക്കുകയാണ്. ആസിഫാബാദ് ജില്ലയിലെ ജെയ്നൂർ ഗ്രാമത്തിലുണ്ടായ സംഘർഷത്തിൽ വീടുകളും കടകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. പള്ളികൾക്കും മദ്രസകൾക്കും നേരെയും ആക്രമണമുണ്ടായി. സംഘർഷാവസ്ഥയെ തുടർന്ന് പ്രദേശത്ത് ജില്ലാ ഭരണകൂടം കർഫ്യു പ്രഖ്യാപിച്ചു.

സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയായ ഓട്ടോ ഡ്രൈവർ പിടിയിലായത്. ജെയ്‌നൂർ, രാഘവ്പൂർ ഗ്രാമത്തിൽ ഓഗസ്റ്റ് 31 നായിരുന്നു സംഭവം. മാതാപിതാക്കളെ കാണാൻ പ്രതിയായ ഷെയ്ഖ് മഖ്‌ദും എന്നയാളിന്റെ ഓട്ടോയിൽ പോകവേയാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗശ്രമത്തെ എതിർത്ത യുവതിയെ ഇയാൾ മർദിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് ശേഷം യുവതിയെ റോഡിൽ ഉപേക്ഷിച്ച് പ്രതി കടന്നു കളഞ്ഞു. വഴിയാത്രക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഗോണ്ട് ആദിവാസി വിഭാഗം സെപ്റ്റംബർ 4 ന് ഗ്രാമത്തിൽ ബന്ദ് പ്രഖ്യാപിച്ചു. രണ്ടായിരത്തോളം വരുന്ന ആദിവാസി വിഭാഗം പ്രതി മുസ്ലിമായതിനാൽ ഈ വിഭാഗത്തിലുള്ളവർക്കെതിരെയും ആക്രമണം അഴിച്ചുവിട്ടു.

പൊതുവേ വർഗീയ പ്രശ്നങ്ങളില്ലാതിരുന്ന ഈ മേഖല ഇതോടെ സംഘർഷ ഭൂമിയായി മാറിയിരിക്കുകയാണ്. തീവെപ്പിലും, കല്ലേറിലും നിരവധി വീടുകൾ തകർന്നു. കലാപത്തിൽ അഞ്ച് പള്ളികളും ഒരു മദ്രസയും ഇല്ലാതായി. കലാപത്തെ തുടർന്ന് നിരവധി പേർ അയൽ ഗ്രാമത്തിലേക്ക് പലായനം ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്.

നിലവിൽ ഇവിടെ 144 പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുന്നതിൻ്റെ ഭാഗമായി ഈ മേഖലയിലെ ഇൻ്റർനെറ്റ് സേവനങ്ങളും വിഛേദിച്ചു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സേനകളും സംഘർഷ ബാധിത മേഖലയിലുണ്ട്. ആയിരത്തിലധികം പൊലീസുകാരെയാണ് സ്ഥിതി നിയന്ത്രിക്കാൻ ഇവിടെ വിന്യസിച്ചിരിക്കുന്നത്. ബലാത്സംഗക്കേസിലെ പ്രതിയെ റിമാൻഡ് ചെയ്തതിനാൽ ഇരു വിഭാഗങ്ങളോടും സംയമനം പാലിക്കാൻ ജില്ലാ ഭരണകൂടം അഭ്യർഥിച്ചു. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.















Related Stories

No stories found.
News Malayalam 24x7
newsmalayalam.com