
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ വാഹനത്തിൻ്റെ ഡ്രൈവർക്കും ക്ലീനർക്കുമെതിരെ കേസ്. അഗളി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. SC - ST അട്രോസിറ്റി പ്രകാരമാണ് കേസ്. വാഹനത്തിന് മുന്നിൽ ചാടി വീണെന്ന് ആരോപിച്ചാണ് അഗളി ചിറ്റൂർ സ്വദേശി ഷിജുവിനെ ക്രൂരമർദനത്തിന് ഇരയാക്കിയത്. യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
അഗളി ചിറ്റൂർ കട്ടേക്കാട് ഈ മാസം 24ന് ഉച്ചകഴിഞ്ഞാണ് കേസിനാസ്‌പദമായ സംഭവം. റോഡിലൂടെ നടക്കുമ്പോൾ ഷിജു കല്ലിൽ തട്ടി വാഹനത്തിനു മുന്നിലേക്ക് വീഴുകയായിരുന്നു. എന്നാൽ മനഃപൂർവം വാഹനത്തിനു മുന്നിലേക്ക് ചാടിയതാണെന്ന് ആരോപിച്ച് ഡ്രൈവറും ക്ലീനറും മർദിക്കുകയായിരുന്നു. കൂടാതെ കയർ കെട്ടി വലിച്ചിഴച്ച് ഒന്നരമണിക്കൂറോളം മഴയത്ത് നിർത്തുകയും ചെയ്തു.
ഇതുവഴി വന്ന പരിചയക്കാരാണ് ഷിജുവിനെ പോസ്റ്റിൽ കെട്ടിയിട്ടിരിക്കുന്നത് കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കയർ കെട്ടിയതിന്റെ പാടുകൾ ശരീരത്തിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഷിജുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, മദ്യലഹരിയിൽ വാഹനം തടഞ്ഞെന്ന് ആരോപിച്ച് ഡ്രൈവറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.