സ്വന്തം രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ക്രിമിനലുകളെന്ന് ട്രൂഡോ; പ്രസ്താവന ഇന്ത്യൻ നേതാക്കൾക്കെതിരായ പത്ര റിപ്പോർട്ടിന് പിന്നാലെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനെയും കാനഡയിലെ അക്രമത്തിലേക്ക് ബന്ധിപ്പിച്ചതിനാണ് ട്രൂഡോ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയത്
സ്വന്തം രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ക്രിമിനലുകളെന്ന് ട്രൂഡോ; പ്രസ്താവന ഇന്ത്യൻ നേതാക്കൾക്കെതിരായ പത്ര റിപ്പോർട്ടിന് പിന്നാലെ
Published on

ഖലിസ്ഥാൻ നേതാവ് നിജ്ജാറിനെ കൊല്ലാനുള്ള പദ്ധതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്ക് അറിവുണ്ടായിരുന്നു എന്ന മാധ്യമ വാർത്ത തള്ളിയതിന് പിന്നാലെ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്വന്തം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ക്രിമിനലുകൾ എന്ന് അഭിസംബോധന ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറിനെയും കാനഡയിലെ അക്രമത്തിലേക്ക് ബന്ധിപ്പിച്ചതിനാണ് ട്രൂഡോ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയത്.

വെള്ളിയാഴ്ച ബ്രാംപ്ടണിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ട്രൂഡോ. മാധ്യമങ്ങൾക്ക് അതീവരഹസ്യമായി വിവരങ്ങൾ ചോർത്തുന്ന കുറ്റവാളികൾ ആ കഥകൾ തെറ്റായി വ്യാഖ്യാനിക്കുന്നു. അതുകൊണ്ടാണ് വിദേശ ഇടപെടലിനെക്കുറിച്ച് ഞങ്ങൾ ഒരു ദേശീയ അന്വേഷണം നടത്തിയത്, അത് മാധ്യമ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ ചോർത്തുന്ന കുറ്റവാളികൾ വിശ്വസ്തരല്ലെന്ന് എടുത്തുകാണിച്ചുവെന്നും ട്രൂഡോ കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർക്ക് ഖലിസ്ഥാൻ നേതാവ് നിജ്ജാറിനെ കൊല്ലാനുള്ള പദ്ധതിയെപ്പറ്റി അറിവുണ്ടായിരുന്നു എന്ന മാധ്യമ വാർത്ത കാനഡ തള്ളിയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിക്കോ മറ്റ് മന്ത്രിമാർക്കോ ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്നും കനേഡിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു.

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്താനുള്ള പദ്ധതിയെക്കുറിച്ച്, ഇന്ത്യൻ പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും അറിയാമായിരുന്നുവെന്ന് കനേഡിയൻ പത്രമായ ദ ഗ്ലോബ് ആൻഡ് മെയിലാണ് റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത തള്ളിക്കൊണ്ട് രംഗത്തെത്തിയ കനേഡിയൻ സർക്കാർ, മോദി ഉൾപ്പെടെയുള്ള നേതാക്കളെ ഈ കേസുകളുമായി ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് വ്യക്തമാക്കി.

പേര് വെളിപ്പെടുത്താത്ത മുതിർന്ന ഇന്‍റലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചായിരുന്നു ഗ്ലോബ് ആൻഡ് മെയിലിന്‍റെ റിപ്പോർട്ട്. കാനഡയിലും അമേരിക്കയിലും സിഖ് നേതാക്കളെ ലക്ഷ്യമിട്ട വധശ്രമങ്ങളിലേക്ക്, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ എന്നിവരുടെ പേരുകളും മാധ്യമ റിപ്പോർട്ട് ചേർത്തുവച്ചിരുന്നു. ഈ പത്ര റിപ്പോർട്ടിനെ തുടർന്നാണ് കാനഡ വിശദീകരണ കുറിപ്പ് ഇറക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com