'ദി ഗ്രേറ്റ് അമേരിക്കന്‍ ട്രാജഡി'; മാഡിസണ്‍ സ്ക്വയർ റാലിയില്‍ വംശീയ-സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി ട്രംപും അനുയായികളും

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ട്രംപിൻ്റെ തെരഞ്ഞെടുപ്പ് റാലി നടന്നത്
'ദി ഗ്രേറ്റ് അമേരിക്കന്‍ ട്രാജഡി'; മാഡിസണ്‍ സ്ക്വയർ റാലിയില്‍ വംശീയ-സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി ട്രംപും അനുയായികളും
Published on

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വംശീയ-സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രചരണ ക്യാംപ്. അപകടം തിരിച്ചറിഞ്ഞ് പരാമർശങ്ങളെ തള്ളി റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ തന്നെ രംഗത്തെത്തി. കൊമേഡിയൻ ടോണി ഹിൻക്ലിഫ്, പ്രമുഖ ന്യൂസ് അവതാകരൻ ടക്കർ കാൾസൺ എന്നിവരുടെ പരാമർശങ്ങളാണ് വലിയ തോതിൽ വിമർശിക്കപ്പെടുന്നത്.

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ട്രംപിൻ്റെ തെരഞ്ഞെടുപ്പ് റാലി നടന്നത്. വംശീയ,കുടിയേറ്റ, സ്ത്രീ വിരുദ്ധ മുദ്രാവാക്യങ്ങൾ നിറഞ്ഞതായിരുന്നു ട്രംപിൻ്റെ റാലി. യുഎസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടാൽ രാജ്യത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാടുകടത്തൽ പദ്ധതി ആരംഭിക്കുമെന്നാണ് ട്രംപ് പ്രസംഗിച്ചത്. കൂടാതെ, രാജ്യത്ത് ജനിക്കുന്ന യുഎസ് ഇതര പൗരരുടെ കുഞ്ഞുങ്ങൾക്ക് പൗരത്വം ലഭിക്കുന്ന നിയമം റദ്ദാക്കുമെന്നും ട്രംപ് പറഞ്ഞു. 


'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' റാലിയിൽ കമല ഹാരിസിനെയും ട്രംപ് കുറ്റപ്പെടുത്തി. പ്രചരണത്തിനെത്തിയ റിപ്പബ്ലിക്കൻ അനുഭാവികളും ട്രംപിൻ്റെ പാത പിന്തുടർന്നു. ഹാസ്യനടൻ ടോണി ഹിഞ്ച്ക്ലിഫ് മുതൽ മുൻ ഫോക്സ് ന്യൂസ് സ്റ്റാർ ടക്കർ കാൾസൺ വരെ വേദിയിലെത്തി വിവാദ പരാമർശങ്ങൾ നടത്തി. 'ലാറ്റിൻ അമേരിക്കക്കാർ കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ ഇഷ്ടപ്പെടുന്നു' എന്ന് അവഹേളിച്ച ഹിഞ്ച്ക്ലിഫ് പ്യൂർട്ടോ റിക്കോയെ "മാലിന്യങ്ങൾ പൊങ്ങിക്കിടക്കുന്ന ദ്വീപ്" എന്നും അപഹസിച്ചു.

പ്യൂർട്ടോ റിക്കോക്കാർ യുഎസ് പൗരരാണെങ്കിലും ദ്വീപ് നിവാസികൾക്ക് യുഎസ് പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ കഴിയില്ല. ടക്കർ കാൾസൺ കമലക്കെതിരെ വ്യക്തി അധിക്ഷേപവും ചൊരിഞ്ഞു. മുൻ പ്രോ ഗുസ്തി താരം ഹൾക്ക് ഹോഗൻ, മുൻ ന്യൂയോർക്ക് സിറ്റി മേയർ റൂഡി ഗ്യുലിയാനി, ട്രംപിൻ്റെ മക്കളായ എറിക്, ഡോൺ ജൂനിയർ എന്നിവരും റാലിയില്‍ സംസാരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com