
നവംബറിൽ നടക്കുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇലോൺ മസ്കിനെ സർക്കാരിന്‍റെ കാര്യക്ഷമതാ കമ്മീഷൻ തലവനാക്കുമെന്ന പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്. ഫെഡറൽ കാര്യങ്ങൾ ഓഡിറ്റ് ചെയ്യാനായി ഇലോൺ മസ്കിൻ്റെ നേത്യത്വത്തിലുള്ള പുതിയ കാര്യക്ഷമത കമ്മിറ്റി രൂപം കൊള്ളുമെന്നും ട്രംപ് പറഞ്ഞു.
കമ്മീഷൻ രൂപികരിച്ച് ആറു മാസത്തിനുള്ളിൽ ആഭ്യന്തര കാര്യങ്ങളിൽ നടക്കുന്ന വഞ്ചനയും മറ്റും ഇല്ലാതാക്കും. കടുത്ത പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. അവസരം ലഭിച്ചാൽ അമേരിക്കയെ സേവിക്കാൻ ആഗ്രഹിക്കുന്നു എന്ന് മസ്‌ക് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചിരുന്നു.
ALSO READ: മൂന്ന് ഔൺസ് കഞ്ചാവ് നിയമവിധേയമാക്കും; പുതിയ പ്രഖ്യാപനവുമായി ട്രംപ്
കോർപ്പറേറ്റ് നികുതി നിരക്ക് 15% ആയി കുറയ്ക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിപ്‌റ്റോയുടെയും ബിറ്റ്‌കോയിൻ്റെയും ലോക തലസ്ഥാനമായി അമേരിക്കയെ മാറ്റുമെന്നും ട്രംപ് പറഞ്ഞു. അതേസമയം പദ്ധതിയെ വിമർശിച്ചുക്കൊണ്ട് അമേരിക്കൻ ഫെഡറേഷൻ ഓഫ് ഗവൺമെൻ്റ് എംപ്ലോയീസ് പ്രസിഡൻ്റ് എവററ്റ് കെല്ലി രംഗത്തെത്തി. ഹാരിസിൻ്റെ കൃത്രിമ ചിത്രം എക്‌സിൽ പങ്കിടുന്നത് ഉൾപ്പെടെയുള്ള മസ്കിന്‍റെ ഇടപെടൽ ചൂണ്ടിക്കാണിച്ചാണ് വിമർശനം.