കമല ഹാരിസിനെതിരെ ലൈംഗികാധിക്ഷേപം തുടർന്ന് ട്രംപ്; സ്ത്രീവിരുദ്ധ പരാമർശങ്ങൾ വോട്ടർമാരെ അകറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകർ

കമല ഹാരിസും ഹിലരി ക്ലിൻ്റണും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിൻ്റെ അശ്ലീല പരാമർശം
കമല ഹാരിസിനെതിരെ ലൈംഗികാധിക്ഷേപം തുടർന്ന് ട്രംപ്; സ്ത്രീവിരുദ്ധ പരാമർശങ്ങൾ വോട്ടർമാരെ അകറ്റുമെന്ന് രാഷ്ട്രീയ നിരീക്ഷകർ
Published on

അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗികാധിക്ഷേപം തുടർന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും അനുയായികളും. കമല ഹാരിസും ഹിലരി ക്ലിൻ്റണും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിൻ്റെ അശ്ലീല പരാമർശം. ലൈംഗിക ആനുകൂല്യങ്ങൾ കച്ചവടം ചെയ്തുകൊണ്ടാണ് ഇരുവരും രാഷ്ട്രീയത്തിൽ മുൻനിരയിലെത്തിയതെന്ന ഗുരുതരഅധിക്ഷേപമാണ് ട്രംപ് ഉയർത്തിയത്. ട്രംപിൻ്റെ സ്തീവിരുദ്ധ പരാമർശങ്ങൾ സ്ത്രീ വോട്ടർമാരെ അകറ്റുകയും തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 

സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രകോപനപരമായ പരാമർശങ്ങളിൽ വളരെ മുന്നിലാണ് ട്രംപും അനുയായികളും. സ്ത്രീ വോട്ടർമാർക്കിടയിൽ കമാലാ ഹാരിസ് സ്വീകാര്യത നേടുമ്പോഴാണ് ട്രംപിൻ്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കൂടുതൽ വികൃതമാകുന്നത്. ഇത് രണ്ടാം തവണയാണ് എതിർ സ്ഥാനാർത്ഥിക്ക് നേരെ ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശം നടത്തുന്നത്. നേരത്തെ വലതുപക്ഷ "മീം ടീം" സൃഷ്ടിച്ച കമലാ ഹാരിസിനെതിരായ ഒരു പാരഡി ഗാനവും ട്രംപ് പങ്കുവച്ചിരുന്നു. 30 വർഷം മുമ്പ് ഹാരിസുമായി ബന്ധമുണ്ടായിരുന്ന മുൻ സാൻ ഫ്രാൻസിസ്കോ മേയറായിരുന്ന വില്ലി ബ്രൗണിൻ്റെ ഫോട്ടോയുൾപ്പെടെ ഉപയോഗിച്ചായിരുന്നു ഈ സൈബറാക്രമണം.

ട്രംപിൻ്റെ അനുയായികളും വ്യക്തികളെ അധിക്ഷേപിക്കുന്നതിൽ മോശക്കാരല്ല. പാർട്ടി വസ്ത്രത്തിലുള്ള കമലാ ഹാരിസിൻ്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്തുകൊണ്ട് ഒരു ട്രംപ് ആരാധകൻ നടത്തിയതും തരംതാണ നിലവാരത്തിലുള്ള പരാമർശമായിരുന്നു. 

അടുത്തിടെ ഫോക്‌സ് ന്യൂസ് അവതാരകൻ ജെസ്സി വാട്ടേഴ്‌സ് തൻ്റെ ടിവി പരിപാടിയിലൂടെ കമലാ ഹാരിസിനെതിരെ നടത്തിയ അശ്ലീല പരാമർശവും വൻതോതിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കമലാ ഹാരിസ് യുഎസ് അന്വേഷിക്കുന്ന നേതാവല്ലെന്നും ജനറലുകളുമായി ഇടപഴകുമ്പോൾ കമല തളർന്ന് പോകുമെന്നും ലൈംഗികചുവയോടെയായിരുന്നു ജെസ്സി വാട്ടേഴ്‌സ് പറഞ്ഞത്. എന്നാൽ ഇത് വിവാദമായതോടെ താൻ ആലങ്കാരികമായി സംസാരിക്കുകയായിരുന്നുവെന്നും, ലൈംഗിക സ്വഭാവമുള്ളതൊന്നും പറഞ്ഞിട്ടില്ലെന്നും വാദിച്ച് ജെസ്സി വാട്ടേഴ്‌സ് തടിതപ്പുകയായിരുന്നു.

അതേസമയം തെരഞ്ഞെടുപ്പ് സർവേകൾ പരിശോധിക്കുമ്പോൾ കമല ഹാരിസാണ് മുന്നിൽ. എന്നാൽ തെരഞ്ഞെടുപ്പുകൾ സർവേകൾ വ്യാജമാണെന്നും താൻ ബഹുദൂരം മുന്നിലാണെന്നുമാണ് ട്രംപിൻ്റെ വാദം. ചില സർവേകളിൽ കമലാ ഹാരിസ് 10 മുതൽ 15 പോയിൻ്റ് വരെ ലീഡ് നേടിയതോടെ സ്ത്രീ വോട്ടർമാർക്കിടയിൽ ട്രംപിൻ്റെ പിന്തുണ നഷ്‌ടപ്പെടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സ്ത്രീ വോട്ടർമാർ കൂടുതലുള്ള ഒരു രാജ്യത്ത് ട്രംപ് എല്ലായ്പോഴും തുടരുന്ന ലൈഗിംകാധിക്ഷേപങ്ങൾക്കും, പ്രകോപനപരമായ പരാമർശങ്ങൾക്കും വലിയ വില നൽകേണ്ടി വരുമെന്നാണ് സമീപകാല സർവേകൾ സൂചിപ്പിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com