
യുക്രെയ്ന് ഉള്‍പ്പടെ നല്‍കിവരുന്ന എല്ലാ വിദേശസഹായങ്ങളും മരവിപ്പിക്കാനുള്ള തീരുമാനവുമായി യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സൈനിക പിന്തുണയടക്കം എല്ലാസഹായങ്ങളും 90 ദിവസത്തേക്ക് നിർത്തിവെച്ചുകൊണ്ടുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ നോട്ടീസ് പുറത്ത്. ഇതോടെ ആഗോളതലത്തില്‍ മാനുഷിക സഹായവിതരണം താറുമാറാകുമെന്ന ആശങ്കയുയരുകയാണ്.
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അംഗീകാരത്തോടെ വെള്ളിയാഴ്ചയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ആഭ്യന്തര ഉത്തരവ് പുറപ്പെടുവിച്ചത്. നിലവില്‍ ആഗോളതലത്തിലുള്ള എല്ലാ വിദേശസഹായങ്ങളും നിർത്തിവയ്ക്കുകയും, പുതിയ സഹായങ്ങള്‍ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തുകൊണ്ടുള്ളതാണ് ഉത്തരവ്. ഫണ്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന വിദേശ പ്രോഗ്രാമുകള്‍ അവസാനിപ്പിച്ചുകൊണ്ടുള്ള സ്റ്റോപ്പ്-വർക്ക് ഉത്തരവും ഇതിലുള്‍പ്പെടുന്നു.
നിലവിലെ ഫണ്ട് വിനിയോഗം പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വിദേശനയങ്ങളോട് പൊരുത്തപ്പെടുന്നുണ്ടോ എന്ന അവലോകനത്തിനായാണ് ഈ താത്കാലിക നടപടിയെന്ന് ഉത്തരവ് പറയുന്നു. നയതന്ത്ര ഉദ്യോഗസ്ഥർക്കും യുഎസ് എംബസികള്‍ക്കും അയച്ച ഉത്തരവുപ്രകാരം, 85 ദിവസത്തെ പരിശോധനയ്ക്ക് ശേഷം, ഫണ്ടിംഗ് പുനരാരംഭിക്കുന്നതോ പരിഷ്കരിക്കുന്നതോ ആയ തീരുമാനമുണ്ടാകും. 90 ദിവസത്തെ വിശകലനത്തിനായി എല്ലാവിദേശസഹായങ്ങളും നിർത്തിവച്ചുകൊണ്ടുള്ള ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവിന് പിന്നാലെയാണ് മെമോ പുറത്തുവരുന്നത്.
ഇസ്രയേലിനും ഈജിപ്തിനുമുള്ള സൈനിക - ധനസഹായത്തിനും ആഗോളതലത്തിലെ അടിയന്തര ഭക്ഷ്യസഹായത്തിനും മാത്രമാണ് ഉത്തരവില്‍ ഇളവുള്ളത്. അതേസമയം, ഗാസയിലേക്കും സിറിയയിലേക്കുമുള്ള യുദ്ധാനന്തര ദുരിതാശ്വാസ സഹായങ്ങളെയും സുഡാനിലെ അഭയാർഥി ക്യാമ്പുകളിലേക്കുള്ള ആരോഗ്യസേവനങ്ങളെയും ഉത്തരവ് ബാധിക്കും. പോഷകാഹാരം, മാതൃ-ശിശു പരിപാലനം, വാക്സിനേഷൻ എന്നിവയടക്കം പ്രോഗ്രാമുകളും നിർത്തിവയ്ക്കേണ്ടിവരും. പ്രാദേശിക എന്‍ജിഒകളുടെ പ്രവർത്തനങ്ങള്‍ക്കും തീരുമാനം തിരിച്ചടിയാകും.
ജോ ബൈഡൻ ഭരണകൂടത്തിന് കീഴിൽ കോടിക്കണക്കിന് ഡോളർ ആയുധസഹായം സ്വീകരിച്ച യുക്രെയ്‌നെയും ഫണ്ടിംഗിന്‍റെ മരവിപ്പിക്കൽ ബാധിക്കുമെന്നാണ് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ടുചെയ്യുന്നത്. ജോർജിയ, എസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ, തായ്‌വാൻ, ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്‌നാം, ജിബൂട്ടി, കൊളംബിയ, പാനമ, ഇക്വഡോർ, ജോർദാൻ എന്നീ രാജ്യങ്ങള്‍ക്ക് 2025 ലേക്ക് ബെെഡന്‍ സർക്കാർ പ്രഖ്യാപിച്ച വിദേശസഹായവും മരവിപ്പിക്കപ്പെടും. 2023-24 സാമ്പത്തിക വർഷത്തിൽ 72 ശതകോടി ഡോളർ, വിദേശസഹായമായി ചെലവഴിച്ച അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സഹായ ദാതാവാണ്.