യുഎസ്- കാനഡ താരിഫ് പോര് മുറുകുന്നു; കനേഡിയന്‍ സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് വീണ്ടും വർധിപ്പിക്കാന്‍ ഉത്തരവിട്ട് ട്രംപ്

കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് മേൽ 25 ശതമാനം തീരുവ വർധന ട്രംപ് പ്രഖ്യാപിച്ചിരുന്നു
ഡൊണാൾഡ് ട്രംപ്
ഡൊണാൾഡ് ട്രംപ്
Published on

കനേഡിയൻ സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്കുള്ള താരിഫ് വീണ്ടും വർദ്ധിപ്പിക്കാൻ ഉത്തരവിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിലെ മൂന്ന് സ്റ്റേറ്റുകളിലേക്കുള്ള വൈദ്യുതി കയറ്റുമതിയിൽ ഒന്റാറിയോ 25 ശതമാനം സർച്ചാർജ് ചുമത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ നടപടി. യുഎസ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന അനിശ്ചിത താരിഫുകൾ രാജ്യം അവസാനിപ്പിച്ചില്ലെങ്കിൽ കാനഡയിലെ ഓട്ടോമൊബൈൽ നിർമാണ ബിസിനസ് എന്നെന്നേക്കുമായി അടച്ചുപൂട്ടുമെന്നും ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മാർച്ച് 12 മുതൽ താരിഫ് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു.


ന്യൂയോർക്ക്, മിനിസോട്ട, മിഷി​ഗൺ എന്നീ സ്റ്റേറ്റുകളിലേക്കുള്ള വൈദ്യുതി കയറ്റുമതിക്കാണ് ഒന്റാറിയോ സർച്ചാർജ് ചുമത്തിയത്. കാനഡയ്ക്ക് മേൽ ട്രംപ് ചുമത്തിയ താരിഫിനു മറുപടിയായിട്ടായിരുന്നു ഒന്റാറിയോയുടെ നടപടി. യുഎസ് സാമ്പത്തിക വ്യവസ്ഥയെ ട്രംപ് ദുരന്തത്തിലേക്ക് നയിക്കുകയാണെന്നാണ് താരിഫ് പ്രഖ്യാപിച്ച ശേഷം ഒന്റാറിയോ പ്രീമിയർ, ഡഗ് ഫോർഡ് പറഞ്ഞത്. തീരുവകളുടെ ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാകുന്നതുവരെ, ഒന്റാറിയോ പിന്മാറില്ലെന്നും ഫോർഡ് വ്യക്തമാക്കി.

കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് മേൽ 25 ശതമാനം തീരുവ വർധന ട്രംപ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ യുഎസ് ഓഹരി വിപണികൾ ഇടിഞ്ഞിരുന്നു. ഇതിനൊപ്പം അയൽ രാജ്യങ്ങൾക്ക് താരിഫ് ചുമത്തുന്ന നടപടി യുഎസിൻ്റെ വളർച്ചയെ ബാധിക്കുമെന്നും, പണപ്പെരുപ്പം വർധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പും നൽകി. പിന്നാലെ തീരുവ വർധന വൈകിപ്പിക്കുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പും വെച്ചും. എന്നാൽ തീരുവ വർധനയിൽ കാനഡയുടെ ഭാ​ഗത്ത് നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് വീണ്ടും താരിഫ് സമ്മർദങ്ങളുമായി ട്രംപ് രം​ഗത്തെത്തിയിരിക്കുന്നത്.

അതേസമയം, യുഎസ് സമ്പദ്‍വ്യവസ്ഥ മാറുമെന്ന ഡോണാൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎസിലും ഏഷ്യയിലും ഓഹരി വിപണിയിൽ തകർച്ച നേരിട്ടു. ദക്ഷിണ കൊറിയയിലും ഹോങ്കോങ്ങിലും ഓഹരി സൂചികകളിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥ മാറ്റത്തിന്‍റെ ഘട്ടത്തിലാണെന്നാണ് ഫോക്സ് ന്യൂസ് അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com