വാക്സിൻ വിരുദ്ധ നിലപാടുള്ള ആർ.എഫ്. കെന്നഡി ജൂനിയറെ ആരോഗ്യ സെക്രട്ടറിയാക്കി ട്രംപ്

കെന്നഡിയുടെ നിയമനത്തെ വിമർശിച്ചുക്കൊണ്ട് രാജ്യത്തെ ആരോഗ്യമേഖലയിലെ വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്
വാക്സിൻ വിരുദ്ധ നിലപാടുള്ള ആർ.എഫ്. കെന്നഡി ജൂനിയറെ ആരോഗ്യ സെക്രട്ടറിയാക്കി ട്രംപ്
Published on


കടുത്ത വാക്സിൻ വിരുദ്ധ നിലപാടുള്ള റോബർട്ട് എഫ്. കെന്നഡി ജൂനിയറെ ആരോഗ്യ-മനുഷ്യസേവന വിഭാഗം തലവനായി പ്രഖ്യാപിച്ചിരിക്കുകയാണ് നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വാക്സിൻ നൽകുന്നത് ഓട്ടിസത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന വിചിത്ര വാദമുയർത്തിയ വ്യക്തിയാണ് ആർ.എഫ്. കെന്നഡി ജൂനിയർ. കെന്നഡിയുടെ നിയമനത്തെ വിമർശിച്ചുകൊണ്ട് രാജ്യത്തെ ആരോഗ്യമേഖലയിലെ വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷ, മെഡിക്കൽ ഗവേഷണം, സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ചുമതല എന്നിവയാണ് ആർ.എഫ്. കെന്നഡി നിർവഹിക്കുന്നത്. ഗുരുതര പകർച്ചവ്യാധികളുടെ കാലം അവസാനിപ്പിച്ച്, അമേരിക്കയെ വീണ്ടും ആരോഗ്യമുള്ളതാക്കാൻ ആർ. എഫ്. കെന്നഡിക്ക് സാധിക്കുമെന്ന ആമുഖത്തോടെയായിരുന്നു ട്രംപിൻ്റെ നിയമന പ്രഖ്യാപനം.

രാജ്യത്തുള്ളവരുടെ സുരക്ഷയും ആരോഗ്യവുമാണ് ഏതൊരു ഭരണകൂടത്തിൻ്റെയും പ്രധാനപ്പെട്ട ചുമതല. ഹാനികരമായ രാസവസ്തുക്കൾ, മലിനീകരണം, കീടനാശിനികൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ, എന്നിവയിൽ നിന്ന് എല്ലാവരെയും സംരക്ഷിക്കുമെന്നും ഡൊണാൾഡ് ട്രംപ് സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. പിന്നാലെ ട്രംപിന് നന്ദി പറഞ്ഞ് ആർ.എഫ്. കെന്നഡി ജൂനിയറിൻ്റെ മറുപടി പോസ്റ്റും എക്സിൽ എത്തി. അമേരിക്കയെ വീണ്ടും ആരോഗ്യമുള്ളതാക്കുക എന്ന ട്രംപിൻ്റെ ലക്ഷ്യം നിറവേറ്റാൻ താൻ ബാധ്യസ്ഥനാണെന്നും, പകർച്ചവ്യാധിയുടെ കാലത്തെ നേരിടാൻ ശാസ്ത്രവും വ്യവസായവും വൈദ്യശാസ്ത്രവുമെല്ലാം ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും ആർ.എഫ്. കെന്നഡി വ്യക്തമാക്കി.

അമേരിക്കയിലെ വാക്സിൻ വിരുദ്ധ ആക്ടിവിസ്റ്റുകളിൽ പ്രധാനിയാണ് റോബർട്ട് എഫ്. കെന്നഡി ജൂനിയർ. നിലവിൽ, ഇയാൾ ചെയർമാനായ വാക്സിൻ വിരുദ്ധ സംഘടന, 'ചിൽഡ്രൻസ് ഹെൽത്ത് ഡിഫൻസി'നെതിരെയും നിരവധി കേസുകളുണ്ട്. രാജ്യത്തിൻ്റെ ആരോഗ്യമേഖലയ്ക്ക് ഭീഷണിയായ ഒരാളെ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനം പൊതുജനാരോഗ്യ വിദഗ്ധർ ഉയർത്തിക്കഴിഞ്ഞു.


ഇത്തവണത്തെ അമേരിക്കൻ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറായ റോബർട്ട് കെനഡി ജൂനിയർ പിന്നീട് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറി ട്രംപിനെ പിന്തുണയ്ക്കുകയായിരുന്നു. യു.എസ് മുൻ പ്രസിഡൻ്റ് ജോൺ എഫ്. കെന്നഡിയുടെ മരുമകനും മുൻ സെനറ്റർ റോബർട്ട് എഫ് കെന്നഡിയുടെ മകനുമാണ് റോബർട്ട് കെന്നഡി ജൂനിയർ.


റോബർട്ട് കെന്നഡിയുടെ വിവാദപരാമർശങ്ങൾ

കോവിഡ് മഹാമാരി മൂർധന്യാവസ്ഥയിലെത്തിയ സമയത്ത്, റോബർട്ട് കെന്നഡി ഉയർത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കോവിഡ് ചില പ്രത്യേക വംശങ്ങളെയാണ് ബാധിക്കുന്നതെന്നായിരുന്നു കെന്നഡിയുടെ പ്രസ്താവന. വെള്ളക്കാരെയും കറുത്തവരെയും ലക്ഷ്യമിട്ടാണ് കോവിഡ് ബാധയെന്നും, ജൂതന്മാർക്കും ചൈനക്കാർക്കും കോവിഡ് ബാധിക്കുന്നില്ലെന്നുമുള്ള വിചിത്ര വാദമാണ് റോബർട്ട് കെന്നഡി ഉയർത്തിയത്. ആളുകളെ കൊല്ലാനായി ജനിതക എഞ്ചിനിയറിങ്ങ് വഴി നിർമിച്ച ജൈവായുധമാണ് കോവിഡ് എന്നും ഇയാൾ പറഞ്ഞിരുന്നു.

വാക്സിനേഷൻ ഓട്ടിസത്തിന് കാരണമാകുമെന്നായിരുന്നു ആർ.എഫ്. കെന്നഡിയുടെ മറ്റൊരു വിവാദ പരാമർശം. 2006-ലെ റോളിംഗ് സ്റ്റോൺ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ആധുനിക വാക്സിൻ ഫോർമുലകൾ, ഓട്ടിസത്തിൻ്റെ വർദ്ധനവിന് കാരണമാകുന്നുവെന്ന് ഈ 70-കാരൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ സർക്കാരിന് ഇതിനെക്കുറിച്ച് അറിയാമായിരുന്നെന്നും, എന്നാൽ അമേരിക്കയിൽ വിഷം കുത്തിവെക്കാൻ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിനൊപ്പം കൂട്ടിനിൽക്കുകയാണ് ഭരണകൂടം ചെയ്തതെന്നും കെന്നഡി ആരോപിച്ചു.

പ്രൊസാക് പോലുള്ള ആൻ്റി-ഡിപ്രസൻ്റ് മരുന്നുകളെ അമേരിക്കയിലെ വെടിവെപ്പ് ആക്രമണങ്ങളുമായി ബന്ധപ്പെടുത്തികൊണ്ടായിരുന്നു കെന്നഡിയുടെ അടുത്ത വിവാദ പ്രസ്താവന. ആൻ്റി-ഡിപ്രസൻ്റുകൾ പ്രചാരത്തിൽ വരുന്നതിന് മുമ്പ്, രാജ്യത്ത് വെടിവയ്പ്പ് ആക്രമണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് ഇലോൺ മസ്കുമായി നടത്തിയ ചർച്ചയിൽ കെന്നഡി അഭിപ്രായപ്പെട്ടു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com