'ചില ആസ്തികൾ വീതം വയ്ക്കുന്നതില്‍ ധാരണയായി'; പുടിനുമായി ചർച്ചയ്‌ക്കൊരുങ്ങി ട്രംപ്

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നല്ല സാധ്യത നിലനിൽക്കുന്നതായും ഡൊണാൾഡ് ട്രംപ് അറിയിച്ചു
വ്ളാഡിമിർ പുടിന്‍, ഡൊണാൾഡ് ട്രംപ്
വ്ളാഡിമിർ പുടിന്‍, ഡൊണാൾഡ് ട്രംപ്
Published on

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെപ്പറ്റി സംസാരിക്കാൻ ആലോചിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മധ്യസ്ഥ ചർച്ചയിൽ ചില ആസ്തികൾ വീതം വയ്ക്കുന്നിനെപ്പറ്റി ധാരണയായി. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നല്ല സാധ്യത നിലനിൽക്കുന്നതായും ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഫ്ലോറിഡയിൽ നിന്ന് വാഷിങ്ടണിലേക്കുള്ള യാത്രാ മധ്യേ എയർ ഫോഴ്സ് വൺ വിമാനത്തിലുണ്ടായിരുന്നു മാധ്യമ സംഘത്തോട് സംസാരിക്കുകയായിരുന്നു ട്രംപ്.

"ചൊവ്വാഴ്ച ഞാൻ പ്രസിഡന്റ് പുടിനുമായി സംസാരിക്കും. ആ യുദ്ധം അവസാനിപ്പിക്കാൻ നമുക്ക് ആ​ഗ്രഹമുണ്ട്. ഒരുപക്ഷേ അതിന് നമുക്ക് കഴിയും, ചിലപ്പോൾ നമുക്കതിന് കഴിയില്ലായിരിക്കാം. പക്ഷേ നമുക്ക് മുന്നിൽ വളരെ നല്ലൊരു അവസരമുണ്ടെന്ന് ഞാൻ കരുതുന്നു", ട്രംപ് പറഞ്ഞു. 30 ദിവസത്തെ വെടിനിർത്തൽ കരാറിൽ പുടിന്റെ പൂർണ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് ഡൊണാൾഡ് ട്രംപ്. കരാറിൽ യുക്രെയ്നുമായി ധാരണയിലെത്തിയിരുന്നു. യുഎസ് മുന്നോട്ട് വെച്ച കരാറിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചിരുന്നെങ്കിലും സംഘർഷത്തിന്റെ മൂല കാരണങ്ങളെ കരാർ അഭിസംബോധന ചെയ്യണമെന്ന ആവശ്യവും പുടിൻ ഉന്നയിച്ചിരുന്നു. ഇതിനു പുറമേ നിരവധി ഉപാധികളും റഷ്യ മുന്നോട്ട് വെച്ചു. താൽക്കാലിക വെടിനിർത്തൽ യുക്രെയ്ൻ സൈന്യത്തിന് ആക്രമണം നടത്താൻ സമയം നൽകുമെന്ന ആശങ്കയും റഷ്യൻ പ്രസിഡന്റ് പ്രകടിപ്പിച്ചു.

നിലവിൽ റഷ്യയ്ക്കും യുക്രെയ്നും ഇടയിൽ വലിയ തോതിൽ വ്യോമാക്രമണങ്ങൾ നടക്കുകയാണ്. യുക്രെയ്ൻ മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്ത കുർസ്ക് മേഖല തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് റഷ്യ. കരാർ നിലവിൽ വരികയും തൽസ്ഥിതി തുടരേണ്ട സ്ഥിതി വരികയും ചെയ്ത പ്രദേശം രാജ്യത്തിന് നഷ്ടമാകുമെന്നതാണ് റഷ്യൻ ആക്രമങ്ങൾക്ക് കാരണം. ഴിഞ്ഞ ഓഗസ്റ്റിലാണ് യുക്രെയ്ൻ സൈന്യം റഷ്യൻ അതിർത്തിയിലേക്ക് കടന്നുകയറി അതിർത്തി പ്രദേശമായ കുർസ്ക് കൈയ്യടക്കിയത്. സുദ്സ ഉൾപ്പെടെ ആയിരത്തോളം ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് യുക്രെയ്ൻ സൈന്യം നിയന്ത്രണത്തിലാക്കിയത്. പ്രദേശത്തുണ്ടായിരുന്ന റഷ്യൻ സൈനികരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകളിൽ സ്വാധീനം ചെലുത്തുന്നതിനായിരുന്നു യുക്രെയ്ന്റെ ഇത്തരമൊരു നീക്കം. പിന്നീട് ആവർത്തിച്ചുള്ള ആക്രമണങ്ങളിലൂടെ റഷ്യ ചെറിയഭാഗം തിരിച്ചുപിടിച്ചിരുന്നു. യുക്രെയ്ൻ സൈന്യത്തെ തുരത്താനുള്ള സൈനിക പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും സുദ്സ നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായും റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, സുദ്സ മേഖലയിൽ പോരാട്ടം തുടരുന്നതായി സ്ഥിരീകരിച്ച യുക്രെയ്ൻ സേന റഷ്യൻ സേനയുടെ അവകാശവാദത്തോട് പ്രതികരിച്ചിരുന്നില്ല.


റഷ്യൻ സൈന്യം വളഞ്ഞിരിക്കുന്ന യുക്രെയ്ൻ സൈനികരുടെ ജീവൻ സംരക്ഷിക്കണമെന്ന് ഡൊണാൾഡ് ട്രംപ് പുടിനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, കുർസ്ക് മേഖലയിലുള്ള യുക്രെയ്ൻ സൈനികർ കീഴടങ്ങിയാൽ അവരുടെ സുരക്ഷ ഉറപ്പാക്കാമെന്നായിരുന്നു പുടിന്റെ മറുപടി. യുക്രെയ്ൻ സൈനികർ ആയുധംവെച്ച് കീഴടങ്ങണമെന്നാണ് റഷ്യൻ സുരക്ഷാ കൗൺസിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പുടിൻ പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com