"പതിറ്റാണ്ടുകളായി ആളുകൾ ഇതിനായി കാത്തിരിക്കുന്നു"; ജോണ്‍ എഫ് കെന്നഡി കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിട്ട് ട്രംപ്

2023 വരെയുള്ള പുതിയ രേഖകളും ചേർത്ത് നാഷണൽ ആർക്കൈവ്‌സിന്റെ വെബ്‌സൈറ്റിലാണ് രഹസ്യരേഖകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
"പതിറ്റാണ്ടുകളായി ആളുകൾ ഇതിനായി കാത്തിരിക്കുന്നു"; ജോണ്‍ എഫ് കെന്നഡി കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിട്ട് ട്രംപ്
Published on

മുൻ യുഎസ് പ്രസിഡൻ്റ് ജോൺ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ പുറത്തുവിടാനാരംഭിച്ച് ട്രംപ് ഭരണകൂടം. 80,000 പേജുകളുള്ള രഹസ്യ രേഖകളാണ് ട്രംപ് ഭരണകൂടം പുറത്തുവിടുന്നത്. ആളുകൾ പതിറ്റാണ്ടുകളായി ഇതിനായി കാത്തിരിക്കുകയാണെന്നായിരുന്നു രഹസ്യ രേഖകൾ പുറത്തുവിട്ടതിന് ശേഷമുള്ള ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ പ്രതികരണം.

കൊലപാതകവുമായി ബന്ധപ്പെട്ട് നിലവിൽ ലഭ്യമായ രേഖകളെല്ലാം പുറത്ത് വിടണമെന്ന് നിർദേശിച്ചുകൊണ്ട് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് നേരത്തെ ഒപ്പുവെച്ചിരുന്നു.  2023 വരെയുള്ള പുതിയ രേഖകളും ചേർത്ത് നാഷണൽ ആർക്കൈവ്‌സിന്റെ വെബ്‌സൈറ്റിലാണ് ഇവ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 80,000 പേജുകൾ അടങ്ങിയ രേഖകൾ, തിരുത്തലുകളൊന്നും കൂടാതെ പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

1963ലാണ് അമേരിക്കയുടെ 35ാമത്തെ പ്രസിഡന്റ് പൊതുജന മധ്യത്തില്‍ കൊല്ലപ്പെടുന്നത്. ഊഹാപോഹങ്ങളും ഗൂഢാലോചനാ സിദ്ധാന്തവുമൊക്കെയായി ഇന്നും ഉത്തരം തേടുന്ന ഒന്നാണ് കെന്നഡി വധം. ഡീലീ പ്ലാസയിലൂടെ പ്രസിഡൻഷ്യൽ വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു കെന്നഡിക്ക് നേരെയുള്ള ആക്രമണം. സോവിയറ്റ് യൂണിയനില്‍ മുമ്പ് താമസിച്ചിരുന്ന യു.എസ് പൗരനായ ലീ ഹാര്‍വി ഓസ്വാള്‍ഡായിരുന്നു കെന്നഡിയുടെ ഘാതകൻ. 1962-ൽ പ്രസിഡൻ്റിനെ വധിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഓസ്വാൾഡ് സോവിയറ്റ് യൂണിയൻ വിട്ടതെന്ന് സൂചിപ്പിക്കുന്ന വിവിധ ഗൂഢാലോചന സിദ്ധാന്തങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും ഇപ്പോൾ പുറത്തുവിട്ട രേഖകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം രേഖകളിൽ വിപ്ലവകരമായ വെളിപ്പെടുത്തലുകൾ ഉണ്ടാകില്ലെന്നാണ് ചരിത്രകാരൻമാരുടെ വിലയിരുത്തൽ. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടി പുറത്തുവിടാതിരുന്ന രേഖകളാണ് ട്രംപ് ഭരണകൂടം ഇപ്പോൾ പുറത്തുവിടുന്നത്. ആദ്യമായി അധികാരത്തിയ വർഷവും ഡൊണാൾഡ് ട്രംപ് കെന്നഡി വധവുമായി ബന്ധപ്പെട്ട മൂന്ന് ഫയലുകൾ പുറത്തുവിട്ടിട്ടുണ്ട്. 1975-ലെ സിഐഎ മെമ്മോ ആയിരുന്നു അന്ന് പുറത്തിറങ്ങിയ ഒരു രേഖ. അതിൽ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളൊന്നുമില്ലെങ്കിലും ചരിത്രകാരന്മാര്‍ക്ക് കൊലയാളിയെകുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സഹായകമാകുന്നതായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com