'മൈ ഫ്രണ്ട്'... മോദിയുടെ കൂട്ട് വിടുമോ ട്രംപ്?; നികുതിയില്‍ കടുപ്പിച്ച് അമേരിക്ക; 'ഇങ്ങോട്ട് നൂറ് ശതമാനം നികുതി ചുമത്തിയാല്‍ തിരിച്ചും ചുമത്തും'

ഇന്ത്യ 100 ശതമാനം തീരുവ ചുമത്തിയാല്‍ അമേരിക്ക തിരിച്ചും അത് തന്നെ ചെയ്യും.
'മൈ ഫ്രണ്ട്'... മോദിയുടെ കൂട്ട് വിടുമോ ട്രംപ്?; നികുതിയില്‍ കടുപ്പിച്ച് അമേരിക്ക; 'ഇങ്ങോട്ട് നൂറ് ശതമാനം നികുതി ചുമത്തിയാല്‍ തിരിച്ചും ചുമത്തും'
Published on


ഇന്ത്യയ്‌ക്കെതിരായ നിലപാട് കടുപ്പിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് കൂടുതല്‍ നികുതി ഈടാക്കുന്നത് തുടര്‍ന്നാല്‍ ഇന്ത്യയ്‌ക്കെതിരെയും സമാനമായ രീതിയില്‍ നികുതി ഈടാക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

'നമുക്ക് ടാക്‌സ് ഈടാക്കുന്നത് എങ്ങനെയാണോ അതേ അളവില്‍ അവര്‍ക്ക് തിരിച്ചും നികുതി ഈടാക്കും. എപ്പോഴും അവര്‍ വലിയ ടാക്‌സ് നമ്മളില്‍ നിന്ന് ഈടാക്കുമ്പോഴും നമ്മള്‍ അവരില്‍ നിന്ന് ഒന്നിനും ടാക്‌സ് ഈടാക്കുന്നില്ല,' ട്രംപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

ചൈനയുമായി ബന്ധപ്പെട്ട വ്യവസായിക ഉടമ്പടിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചില അമേരിക്കന്‍ വസ്തുക്കള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ളത് ഇന്ത്യയും ബ്രസീലുമാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ 100 ശതമാനം തീരുവ ചുമത്തിയാല്‍ അമേരിക്ക തിരിച്ചും അത് തന്നെ ചെയ്യും. അതില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

അധികാരമേറ്റാല്‍ ഉടന്‍ തന്ന അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുമെന്നും അടുത്തിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. നിരവധി ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് ട്രംപ് സ്വീകരിക്കുന്നതെന്ന് ഇതിനോടകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. നേരത്തെ ട്രംപ് പ്രസിഡന്റായിരുന്ന സമയം ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി വരുന്ന നടപടികള്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാക്കുമെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com