
യുക്രെയ്ന് സുരക്ഷാ ഗ്യാരന്റിയോ നാറ്റോ അംഗത്വമോ നൽകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രെയ്ൻറെ ധാതുസമ്പത്തിൻറെ 50 ശതമാനം അവകാശം യുഎസിന് നൽകുന്ന കരാറിൽ ഒപ്പുവെയ്ക്കുമെന്ന് വൊളോഡിമർ സെലൻസ്കി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. കരാർ ഒപ്പിടാനായി വെള്ളിയാഴ്ച സെലൻസ്കി യുഎസ് സന്ദർശിക്കും.
യുക്രെയ്ന്റെ സുരക്ഷയുടെ ഉത്തരവാദിത്തം യൂറോപ്യൻ സഖ്യകക്ഷികൾക്കാണെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌ൻ ആവശ്യപ്പെടുന്ന സുരക്ഷാ ഗ്യാരന്റി അടങ്ങുന്ന കരാറിൽ ഇരുഭാഗവും ഒപ്പുവെയ്ക്കുമെന്നാണ് ട്രംപ് നേരത്തെ അറിയിച്ചിരുന്നത്. ഇക്കാര്യം സെലൻസ്കിയുടെ ഓഫീസും സ്ഥിരീകരിച്ചിരുന്നു. എന്നാൽ സെലൻസ്കിയുടെ വരവിന് മുമ്പ് തന്നെ കരാറിൽ ഇത്തരം ഗ്യാരന്റികൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്.
"നാറ്റോ...അതിനെപ്പറ്റി നിങ്ങൾക്ക് മറക്കാം. എനിക്ക് തോന്നുന്നത് ഇതെല്ലാം തുടങ്ങാൻ കാരണം അതാകാമെന്നാണ്", ട്രംപ് പറഞ്ഞു. മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കൃത്യമായ സമയം പറഞ്ഞിരുന്നെങ്കിലും യുക്രെയ്ന് നാറ്റോ അംഗത്വം വാഗ്ദാനം ചെയ്തിരുന്നു.
മൂന്ന് വർഷം പിന്നിട്ട റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി ട്രംപിന്റെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇത്തരം ചർച്ചകളിൽ യുക്രെയ്ൻ പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നില്ല. റഷ്യയുടെ അധിനിവേശത്തിനെ ന്യായീകരിക്കുന്ന സമീപനമാണ് ട്രംപ് സ്വീകരിച്ചുവരുന്നത്. യുക്രെയ്നെ അനുകൂലിക്കുന്ന യുഎൻ പൊതുസഭയിലെ പ്രമേയത്തിൽ യുഎസ് എതിർത്ത് വോട്ടും രേഖപ്പെടുത്തിയിരുന്നു. ട്രംപിന്റെ ഇത്തരം നയങ്ങളെ യൂറോപ്യൻ രാജ്യങ്ങൾ നിശിതമായി വിമർശിച്ചിരുന്നു. നാറ്റോയ്ക്ക് നൽകുന്ന സഹായങ്ങൾ വെട്ടിച്ചുരുക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. മറ്റ് അംഗരാജ്യങ്ങളും തങ്ങളുടെ ബജറ്റിൽ നാറ്റോയ്ക്കായി കൂടുതൽ തുക വകയിരുത്തണമെന്നാണ് ട്രംപിന്റെ നിലപാട്.
സമാധാന കരാർ സംരക്ഷിക്കാൻ സൈന്യത്തെ അയയ്ക്കുന്ന കാര്യം യൂറോപ്യൻ രാജ്യങ്ങൾ പരിഗണിക്കുമെന്നും എന്നാൽ സുരക്ഷ ഉറപ്പാക്കുന്നതിന് യുഎസ് പിന്തുണ നിർണായകമാണെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തിങ്കളാഴ്ച ട്രംപിനെ അറിയിച്ചിരുന്നു. വ്യാഴാഴ്ച യുഎസ് സന്ദർശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും സമാനമായ സന്ദേശമാകും ട്രംപിന് നൽകുക.