ട്രംപിനെ വെടിവെച്ചത് 20 വയസ്സുകാരന്‍; അക്രമിയുടെ വിവരങ്ങള്‍ എഫ്ബിഐ പുറത്തുവിട്ടു

20 വയസ്സുകാരന്‍ തോമസ് മാത്യൂ ക്രൂക്‌സാണ് ട്രംപിന് നേരെ വെടിയുതിര്‍ത്തത്
വെടിവെപ്പിനിടെ ഡൊണാള്‍ഡ് ട്രംപ്
വെടിവെപ്പിനിടെ ഡൊണാള്‍ഡ് ട്രംപ്
Published on

മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനു നേരെ വെടിവെച്ച വ്യക്തിയെ തിരിച്ചറിഞ്ഞതായി എഫ്ബിഐ. 20 വയസ്സുകാരന്‍ തോമസ് മാത്യൂ ക്രൂക്‌സാണ് ട്രംപിന് നേരെ വെടിയുതിര്‍ത്തത്. അമേരിക്കന്‍ സീക്രട് സര്‍വീസ് സ്‌നൈപര്‍മാര്‍ മാത്യൂ ക്രൂക്‌സിനെ വധിച്ചുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടയിലാണ് വധശ്രമം നടക്കുന്നത്. ആക്രമണത്തില്‍ ട്രംപിന് ചെവിക്ക് പരുക്ക് പറ്റി. ട്രംപ് പ്രസംഗിച്ചു കൊണ്ടിരുന്ന വേദിക്ക് 130 യാര്‍ഡുകള്‍ അകലെ ഒരു നിർമാണ പ്ലാന്‍റിനു മുകളില്‍ നിന്നാണ് അക്രമി വെടിവെച്ചതെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നത്. തോമസ് മാത്യൂ ക്രൂക്‌സ് വെടിവെയ്ക്കാനായി ഉപയോഗിച്ച എആര്‍ സ്‌റ്റൈല്‍ റൈഫിള്‍ കണ്ടെടുത്തിട്ടുണ്ട്. എന്താനാണ് ക്രൂക്‌സ് ട്രംപിനെ വധിക്കാന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല.

അതേസമയം തോമസ് മാത്യൂ ക്രൂക്സിന്‍റേതെന്ന് കരുതുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. "എന്‍റെ പേര് തോമസ് മാത്യൂ ക്രൂക്‌സെന്നാണ്. എനിക്ക് റിപ്പബ്ലിക്കന്‍ പാർട്ടിയെ ഇഷ്ടമല്ല. എനിക്ക് ട്രംപിനെ ഇഷ്ടമല്ല", എന്നാണ് വീഡിയോയിലുള്ള അക്രമി എന്ന് സംശയിക്കുന്ന ആള്‍ പറയുന്നത്.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപ് ആരോഗ്യവാനായി ഇരിക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ വെടിവെപ്പില്‍ കാണികളില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു.

തന്‍റെ ചെവിയുടെ മുകള്‍ ഭാഗം തുളച്ചാണ് വെടിയുണ്ട കടന്നു പോയതെന്നാണ് റാലിക്കിടെയുണ്ടായ വെടിവെപ്പിനു ശേഷം പുറത്തു വന്ന ട്രംപിന്‍റെ ആദ്യ പ്രസ്താവന.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്‍റെ എതിരാളിയായ നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ "ഇത് സുഖകരമല്ല. അമേരിക്കയില്‍ ഇത്തരം ഹിംസക്ക് സ്ഥാനമില്ല" എന്നാണ് പ്രതികരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com