
മിൽവാക്കിയിൽ ഇന്നാരംഭിക്കുന്ന റിപ്പബ്ലിക്കൻ കൺവെഷനിൽ പങ്കെടുക്കാൻ അമേരിക്കന്‍ മുന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് എത്തും. പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ വധശ്രമത്തിനു പിന്നാലെയാണ് ട്രംപ് നാലുദിവസം നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കാനെത്തുന്നത്. ഇതോടെ മിൽവാക്കിയിൽ സുരക്ഷ ശക്തമാക്കി. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക പ്രസിഡൻ്റ് സ്ഥാനാർഥിയായി ട്രംപിനെ കൺവെൻഷനിൽ പ്രഖ്യാപിക്കും. വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാനും സാധ്യതയുണ്ട്.
പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് വെടിയേറ്റത്. ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. ചെവിക്ക് പരുക്കേറ്റ ട്രംപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് നടക്കുന്ന റിപ്പബ്ലിക്കൻ കൺവെൻഷനിൽ പങ്കെടുക്കാൻ ട്രംപ് എത്തുന്നത്.
അതേസമയം ട്രംപിനു നേരെ നടന്നത് വധശ്രമം തന്നെയാണെന്ന് എഫ്ബിഐ സ്ഥിരീകരിച്ചു. റിപ്പബ്ലിക്കൻ പാർട്ടി അംഗം തന്നെയായ തോമസ് മാത്യു ക്രൂക്‌സ് എന്ന യുവാവാണ് ആക്രമണത്തിനു പിന്നിലെന്ന് എഫ്ബിഐ ഉദ്യോഗസ്ഥൻ കെവിൻ റോജേക്ക് അറിയിച്ചു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും തോമസ് മാത്യു ക്രൂക്‌സിൻ്റെ വീട്ടിലെത്തി കുടുംബാഗങ്ങളെ ചോദ്യം ചെയ്ത് വരുകയാണെന്നും എഫ്ബിഐ സംഘം അറിയിച്ചു.