'പ്രൊജക്ട് 2025' തലവനൊപ്പം ട്രംപിന്‍റെ യാത്ര; ചിത്രം പുറത്തു വിട്ട് വാഷിങ്ടണ്‍ പോസ്റ്റ്

യുഎസ് സര്‍ക്കാരിന്‍റെ എല്ലാ മേഖലകളിലും തീവ്ര വലതുപക്ഷ പരിഷ്‌കരണങ്ങള്‍ നടപ്പില്‍ വരുത്താനുള്ള പദ്ധതിയാണ് പ്രൊജക്ട് 2025
കെവിന്‍ റോബർട്ട്സിനൊപ്പം ഡൊണാള്‍ഡ് ട്രംപ്
കെവിന്‍ റോബർട്ട്സിനൊപ്പം ഡൊണാള്‍ഡ് ട്രംപ്
Published on

പ്രൊജക്ട് 2025നു പിറകില്‍ പ്രവര്‍ത്തിച്ച വലതുപക്ഷ തിങ്ക്ടാങ്കായ ഹെറിട്ടേജ് ഫൗണ്ടേഷന്‍ തലവന്‍ കെവിന്‍ റോബർട്ട്സിനൊപ്പം സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രം വാഷിങ്ടണ്‍ പോസ്റ്റ് പുറത്തു വിട്ടു. പ്രൊജക്ട് 2025വുമായി ബന്ധമില്ലെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം.

യുഎസ് സര്‍ക്കാരിന്‍റെ എല്ലാ മേഖലകളിലും തീവ്ര വലതുപക്ഷ പരിഷ്‌കരണങ്ങള്‍ നടപ്പില്‍ വരുത്താനുള്ള പദ്ധതിയാണ് പ്രൊജക്ട് 2025.  രണ്ടാംവട്ടം ട്രംപിനെ അധികാരത്തില്‍ കൊണ്ടുവരാനുള്ള 900 പേജുകളുള്ള പദ്ധതിയാണിത്. പ്രത്യുല്‍പാദന അവകാശങ്ങള്‍, എല്‍ജിബിടിക്യൂ, വോട്ടിങ് അവകാശം എന്നിവയ്ക്ക് പദ്ധതി ഭീഷണിയാണെന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആരോപണം.


ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമല ഹാരിസ് പ്രൊജക്ട് 2025നെ പ്രചരണത്തിന് ഉപയോഗപ്പെടുത്തും എന്ന് ഭയന്ന് ട്രംപും അനുകൂലികളും പദ്ധതിയെ തള്ളിപ്പറഞ്ഞിരുന്നു. പ്രൊജക്ട് 2025നു പിന്നില്‍ ആരാണെന്ന് ഒരു വിവരവുമില്ലെന്നാണ് കഴിഞ്ഞ മാസം ട്രംപ് പറഞ്ഞത്. ട്രംപിന്‍റെ നയങ്ങളുടെ പ്രതിഫലനമല്ല പ്രൊജക്ട് 2025 എന്നായിരുന്നു അദ്ദേഹത്തിൻ്റെ വക്താവ് വ്യാഴാഴ്ച ദ പോസ്റ്റിനോട് പറഞ്ഞിരുന്നത്.


റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൊജക്ട് 2025നെ നിരന്തരം തള്ളിപ്പറയുമ്പോഴാണ് ട്രംപും ഹെറിട്ടേജ് ഫൗണ്ടേഷന്‍ മേധാവിയും ഒരുമിച്ച് യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തു വരുന്നത്. ട്രംപിന്‍റെ ഫ്‌ളോറിഡയിലുള്ള വീട്ടില്‍ നിന്നും ഹെറിട്ടേജ് ഫൗണ്ടേഷന്‍റെ വാര്‍ഷിക കോണ്‍ഫറന്‍സ് നടക്കുന്ന അമേലിയ ദ്വീപിലേക്കായിരുന്നു യാത്ര. വരുന്ന പൊതു സംവാദത്തില്‍ കമല ഹാരിസ് ഈ വിഷയം എടുത്തുകാട്ടി ട്രംപിനെ ആക്രമിക്കാന്‍ സാധ്യതയുണ്ട്. യുഎസിലെ പ്രശസ്ത പോളിങ് സൈറ്റായ 'ഫൈവ് തേർട്ടി ഏയ്ട്' സർവേ പ്രകാരം പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെക്കാള്‍ 2.1 പോയിന്‍റ് മുന്നിലാണ് കമല.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com