ആപ്പിളിന് ട്രംപിന്‍റെ താരിഫ് ഭീഷണി; ഐഫോണുകള്‍‌ യുഎസിന് പുറത്ത് നിർമിച്ചാൽ 25 ശതമാനം ഇറക്കുമതി തീരുവ

യൂറോപ്യൻ യൂണിയന് 50 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് ഭീഷണി ഉയർത്തിയിട്ടുണ്ട്
ആപ്പിളിന് ട്രംപിന്‍റെ താരിഫ് ഭീഷണി; ഐഫോണുകള്‍‌ യുഎസിന് പുറത്ത് നിർമിച്ചാൽ  25 ശതമാനം ഇറക്കുമതി തീരുവ
Published on

ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഉയർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഐഫോണുകൾ യുഎസിന് പുറത്ത് നിർമിച്ചാൽ ഇറക്കുമതി തീരുവ 25 ശതമാനം ആക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇന്ത്യയിലല്ല എവിടെ നിർമിച്ചാലും തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

യുഎസിൽ വിൽക്കപ്പെടുന്ന ഐഫോണുകൾ അവിടെ നിർമിച്ചതാകണമെന്ന് ടിം കുക്കിനോട് പറഞ്ഞിരുന്നതാണെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. യൂറോപ്യൻ യൂണിയന് 50 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് ഭീഷണി ഉയർത്തിയിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് താരിഫ് ചുമത്തി തുടങ്ങുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന 20 ശതമാനം താരിഫ് ജൂലൈ എട്ട് വരെ 10 ശതമാനമായി കുറച്ചിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനം.



ആഴ്ചകളോളം നീണ്ടുനിന്ന സാമ്പത്തിക മാന്ദ്യത്തിനു ശേഷം പുത്തൻ ഉണർവ് പ്രതീക്ഷിച്ച വിപണിയെ ട്രംപിന്റെ താരിഫ് ഭീഷണികൾ പിടിച്ചുലച്ചു. വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ എസ് & പി 500 1.2 ശതമാനം ഇടിഞ്ഞു. നാസ്ഡാക്ക് 1.5 ശതമാനവും യൂറോപ്യൻ ഓഹരികൾ 1.7 ശതമാനവും ഇടിഞ്ഞു. ട്രംപിന്റെ മുന്നറിയിപ്പിനു പിന്നാലെ ജർമ്മന്‍ കാർ നിർമാതാക്കളുടെയും ആഡംബര കമ്പനികളുടെയും ഓഹരികളിലും വലിയ ഇടിവ് രേഖപ്പെടുത്തി. പോർഷെ, മെഴ്‌സിഡസ്, ബിഎംഡബ്ല്യു എന്നിവയുടെ ഓഹരികൾ രണ്ട് ശതമാനത്തിനും 4.5 ശതമാനത്തിനും ഇടയിലാണ് ഇടിവുണ്ടായത്.

പ്രീമാർക്കറ്റ് ട്രേഡിംഗിൽ ആപ്പിളിന്റെ ഓഹരികൾ 3.7 ശതമാനമാണ് ഇടിഞ്ഞത്. മറ്റ് ടെക് ഭീമന്മാരുടെ ഓഹരികളും താഴ്ന്ന നിലയിലാണ്. യൂറോപ്യൻ യൂണിയന് നൽകിയതു പോലെ താരിഫ് ചുമത്തുന്നത് എന്നു മുതൽ എന്ന സൂചന ആപ്പിളിന് ട്രംപ് നൽകിയിട്ടില്ല. യുഎസിൽ പ്രതിവർഷം 60 ദശലക്ഷത്തിലധികം ഫോണുകളാണ് ആപ്പിൾ വിൽക്കുന്നത്. എന്നാൽ രാജ്യത്തിന് പുറത്തുള്ള സംവിധാനങ്ങൾ ഉപയോ​ഗിച്ചാണ് ആപ്പിളിന്‍റെ സ്മാർട്ട്‌ഫോൺ നിർമാണം.

അതേസമയം, ട്രംപിന്റെ പുതിയ താരിഫ് ഭീഷണിയിൽ യൂറോപ്യൻ യൂണിയൻ കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. യൂറോപ്യൻ യൂണിയൻ വ്യാപാര മേധാവി മാരോസ് സെഫ്‌കോവിച്ചും യുഎസ് പ്രതിനിധി ജാമിസൺ ഗ്രീറും തമ്മിലുള്ള ഫോൺ കോളിനായി കാത്തിരിക്കുകയാണെന്നായിരുന്നു കമ്മീഷന്റെ പ്രതികരണം. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വെള്ളിയാഴ്ച ബ്രസ്സൽസിൽ വ്യാപാര സംബന്ധിയായ യോഗം ചേരാനിരിക്കെയാണ് ട്രംപിന്റെ 50 ശതമാനം താരിഫ് ഭീഷണി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com