ആണവ മത്സരത്തിന് കളമൊരുക്കി ട്രംപിന്‍റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ്

യുറേനിയം പ്ലൂട്ടോണിയം എന്നിവയുടെ ഉത്പാദനവും ആണവ പരീക്ഷണങ്ങളും പുനരാരംഭിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍
ആണവ മത്സരത്തിന് കളമൊരുക്കി  ട്രംപിന്‍റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ്
Published on

ആയുധമായി ഉപയോഗിക്കാന്‍ കഴിയുന്ന യുറേനിയത്തിന്‍റെയും പ്ലൂട്ടോണിയത്തിന്‍റെയും ഉത്പാദനവും ആണവ പരീക്ഷണങ്ങളും പുനരാരംഭിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രിയാന്‍.ഫോറിന്‍ അഫയേഴ്‌സ് എന്ന ജേണലില്‍ എഴുതിയ 'ദ് റിട്ടണ്‍ ഓഫ് പീസ് ത്രൂ സ്‌ട്രെങ്ത്' എന്ന ലേഖനത്തിലാണ് ഒബ്രിയാന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ലേഖനത്തില്‍ ട്രംപിന്‍റെ ദേശീയ സുരക്ഷ നയം എങ്ങനെയായിരിക്കുമെന്ന് വിശദീകരിക്കുന്നതിന്‍റെ കൂട്ടത്തിലാണ് ആണവ പരീക്ഷണങ്ങളെപ്പറ്റി ഒബ്രിയാന്‍ സംസാരിക്കുന്നത്.

എന്നാല്‍ ഒബ്രിയാന്‍റെ പരാമര്‍ശങ്ങള്‍ യു.എസ് സുരക്ഷക്ക് തിരിച്ചടിയായെന്നും ഇത് ചൈനക്കും റഷ്യക്കും ഉപകാരമായി തീര്‍ന്നിരിക്കുകയാണെന്നുമാണ് ആയുധ നിയന്ത്രണ വിദഗ്ധര്‍ പറയുന്നത്.ട്രംപിന്‍റെ നിരീക്ഷണത്തില്‍ യു എസിന്‍റെ ശത്രുക്കള്‍ അടങ്ങിയിരിക്കുകയായിരുന്നുവെന്നും എന്നാല്‍ ബൈഡന്‍റെ അസാമര്‍ത്ഥ്യം അവരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നുവെന്നും ഒബ്രിയാന്‍ പറഞ്ഞു.

എന്നാല്‍ 2015ല്‍ തെഹ്‌റാനുമായുള്ള ആണവക്കരാറില്‍ നിന്നും ട്രംപ് പിന്‍മാറിയതിന് ശേഷം ആണവ പദ്ധതികളില്‍ ഇറാനുണ്ടായ മുന്നേറ്റത്തെപ്പറ്റി ലേഖനം മൗനം പാലിക്കുന്നു. ട്രംപിന്‍റെ കാലയളവില്‍ ചൈനയും ഉത്തര കൊറിയയും ആയുധ ശേഖരം വര്‍ദ്ധിപ്പിച്ചതനേപ്പറ്റിയും ലേഖനം ഒന്നും പറയുന്നില്ല. 'ആണവായുധ പന്തയ ഓട്ടത്തില്‍ ആരും ജയിക്കുന്നില്ല' എന്ന് എക്‌സില്‍ കുറിച്ചുകൊണ്ടാണ് ആയുധ നിയന്ത്രണ കമ്മിറ്റി മേധാവി ഡാരിയല്‍ കിമ്പല്‍ ഇതിനോട് പ്രതികരിച്ചത്.

ആണവായുധ പരീക്ഷണങ്ങള്‍ക്കുള്ള മോറട്ടോറിയം വീണ്ടും ഉറപ്പിക്കണമെന്നും ആണവ നിരോധന ഉടമ്പടി പ്രകാരമുള്ള നിരായുധികരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും ഈ മാസം ആദ്യം ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗൂട്ടറസ് ആയുധ നിയന്ത്രണ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

നവംബറില്‍ നടക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ട്രംപിന്‍റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ട്രംപിന്‍റെ രണ്ടാം വരവിന് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രമുഖനാണ് റോബര്‍ട്ട് ഒബ്രിയാന്‍. സാമ്പത്തിക രേഖകളില്‍ തിരിമറി നടത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയ ട്രംപ് ശിക്ഷ കാത്തിരിക്കുന്ന സമയത്താണ് വിശ്വസ്തനായ ഒബ്രിയാന്‍ ലേഖനവുമായി എത്തിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com