
വന്ദേ ഭാരത് എക്‌സ്പ്രസിലെ യാത്രക്കിടെ ടിക്കറ്റ് എക്സാമിനർ സ്പീക്കർ എ.എൻ. ഷംസീറിനോട് മോശമായി പെരുമാറിയെന്നു പരാതിപ്പെട്ടതിനു പിന്നാലെ, ടിടിഇയെ വന്ദേ ഭാരത് ജോലിയിൽ നിന്നും ഒഴിവാക്കിയ നടപടി റെയിൽവേ പിൻവലിച്ചു. നടപടിക്കെതിരെ റെയിൽവെ ജീവനക്കാരുടെ സംഘടന രംഗത്തെത്തിയിരുന്നു, നടപടി വിവാദമായതോടെ റയിൽവേ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ചീഫ് ടിടിഇ ജി.എസ് പത്മകുമാറിനെതിരെ സതേൺ റയിൽവേക്കായിരുന്നു മോശമായി പെരുമാറിയെന്നു കാണിച്ച് സ്പീക്കർ പരാതി നൽകിയത്. 30ന് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസിലായിരുന്നു സംഭവം നടന്നത്.
എക്സിക്യൂട്ടീവ് കോച്ചിലായിരുന്നു സ്പീക്കർ എ.എൻ ഷംസീർ യാത്ര ചെയ്തത്. ഇതേ കോച്ചിൽ ഷംസീറിന്റെ സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു. ചെയർ കാർ ടിക്കറ്റ് മാത്രമുണ്ടായിരുന്ന സുഹൃത്തിനോട് ,എക്സിക്യൂട്ടീവ് കോച്ചിൽ നിന്നും മാറണമെന്ന് ടിടിഇ ആവശ്യപ്പെട്ടു. എന്നാൽ സുഹൃത്താണെന്നും കണ്ടപ്പോൾ സംസാരിക്കാൻ ഇരുന്നതെന്നും സ്പീക്കർ പറഞ്ഞുവെങ്കിലും, ടിടിഇ ഇതിനു വഴങ്ങിയില്ലെന്നും, അപമര്യാദയായി പെരുമാറി എന്നുമായിരുന്നു സ്പീക്കറുടെ ആരോപണം.