
ഡൽഹിയിൽ 15കാരിയെ മൂന്ന് വർഷം തുടർച്ചയായി പീഡിപ്പിച്ച ട്യൂഷൻ മാസ്റ്റർ അറസ്റ്റിൽ. പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ ഉപദ്രവിച്ചിരുന്നത്. ഡൽഹി ചിത്തരഞ്ജൻ പാർക്കിലെ ട്യൂഷൻ സെന്‍ററിലെ അധ്യാപകനെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാൾ സ്വദേശിയാണ് പ്രതിയായ അധ്യാപകൻ.
ബുധനാഴ്ച പിതാവുമായി പൊലീസ് സ്റ്റേഷനിൽ എത്തി പെൺകുട്ടി പരാതി നൽകിയപ്പോഴാണ് വിവരം പുറത്തുവന്നത്. 2022 മുതൽ പ്രതി നടത്തിവരുന്ന ട്യൂഷൻ ക്ലാസിൽ പെൺകുട്ടി പോയിരുന്നതായി പൊലീസ് പ്രസ്താവനയിൽ പറയുന്നു. പ്രതി മാനസികമായി പീഡിപ്പിച്ചെന്നും നിരവധി തവണ ട്യൂഷൻ സെന്ററിൽ വച്ച് ശാരീരികമായി കടന്നാക്രമിച്ചെന്നുമാണ് പെൺകുട്ടിയുടെ പരാതി. പ്രതി വർഷങ്ങളായി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വരികയായിരുന്നു എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത്) അങ്കിത് ചൗഹാൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 64, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതായും ഡിസിപി അറിയിച്ചു.