
ശിശിര കാലത്തിന് വിടനൽകി അടുത്ത വസന്തകാലം വന്നെത്തിയിരിക്കുകയാണ് യൂറോപ്പിൽ. മഞ്ഞിൻ്റെ കാഴ്ചകളൊക്കെ ഇളം വെയിലിലേക്ക് വഴിമാറിയിരിക്കുന്നു. പൂത്തുതളിര്‍ത്തു നില്‍ക്കുന്ന ടുലിപ് പാടങ്ങളുമായി യൂറോപ്പ് വീണ്ടും സഞ്ചാരികളെ സ്വീകരിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. മാർച്ച് അവസാനം മുതൽ മുതൽ മെയ് മാസത്തിൻ്റെ പകുതി വരെയാണ് യൂറോപ്പിലെ ടുലിപ് സീസൺ. ഏപ്രിൽ പകുതിയോടെ ടുലിപ് പാടങ്ങൾ വർണ വസന്തം തീർക്കും. ഈ കാഴ്ച കാണാൻ പൂന്തോട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തും.
ഇംഗ്ലണ്ടിലും നെതർലൻഡ്സിലും ഇറ്റലിയിലും വസന്തകാലത്ത് ആദ്യം വിരിയുന്ന പൂക്കളാണ് ടുലിപുകൾ. ഓറഞ്ച്, മഞ്ഞ, ഏപ്രിക്കോട്ട്, വയലറ്റ്, ചുവപ്പ്, ചോക്കലേറ്റ് ബ്രൗണ്‍ എന്നീ നിറങ്ങളില്‍ വിരിയുന്ന പൂക്കള്‍ക്ക് ദൃശ്യ ചാരുത ഏറെയാണ്. നൂറിലധികം ഇനങ്ങളിൽ ഒന്നര ദശലക്ഷത്തിലധികം ടുലിപ് പൂക്കളാണ് ഇംഗ്ലണ്ടിലെ ടർണേർസ് ഹില്ലിൽ വിരിഞ്ഞത്. ഇറ്റലിയിലെ മിലാനിലെ ടുലിപ് ഫാമുകളിലെത്തുന്ന സഞ്ചാരികൾ ഇഷ്ടപ്പെട്ട നിറത്തിലെ പൂക്കൾ സ്വന്തമാക്കിയാണ് മടങ്ങുന്നത്.
അതിമനോഹരമാണ് നെതർലൻഡ്സിലെ ടുലിപ് സീസൺ. മെയ് പകുതി വരെ ആംസ്റ്റർഡാമിൻ്റെ പലഭാഗങ്ങളും വർണക്കടലാകും. നഗരത്തിൽ നിന്ന് മാറി 85-ലധികം സ്ഥലങ്ങളിൽ ടുലിപ് ഫെസ്റ്റിനോടനുബന്ധിച്ച് പുഷ്പ പ്രദർശനങ്ങൾ നടക്കും. യൂറോപ്പിലെ ഏറ്റവും പഴയതും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതുമായ ക്യൂകെൻഹോഫ് പൂന്തോട്ടമാണ് അതിശയിപ്പിക്കുന്ന മറ്റൊരിടം. ഗാർഡൻ ഓഫ് യൂറോപ്പ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പുഷ്പ പ്രദർശനമാണ് ക്യൂകെൻഹോഫിലേത്. ഏഴ് ദശലക്ഷത്തിലധികം ടുലിപ് പുഷ്പങ്ങളുമായി ക്യൂകെൻഹോഫ് ഗാർഡൻ ഇന്നും ജനപ്രിയതയുടെ തലപ്പൊക്കത്തിൽ നിൽക്കുന്നു. ഇവിടെത്തിയാൽ വേണമെങ്കിൽ പൂപ്പാടങ്ങൾക്ക് മീതെ ഒരു ഹെലികോപ്ടർ സവാരിയും നടത്താം.
അല്‍പം തണുപ്പുള്ളതോ സൂര്യപ്രകാശം ലഭിക്കുന്നതോ ആയ സ്ഥലത്താണ് ടുലിപ് ചെടികൾ ആരോഗ്യത്തോടെ വളരുന്നത്. രാവിലെയും വൈകുന്നേരവുമുള്ള നേരിട്ടുള്ള സൂര്യപ്രകാശം ലഭിച്ചാല്‍ പൂക്കളുടെ ഗുണവും മെച്ചപ്പെടും. ഇറ്റലിയിലെ പൂ മാർക്കറ്റുകളിൽ ടുലിപ് പൂക്കളുടെ വിത്തുകൾ സുലഭമാണ്. ഏതാണ്ട് 43 ദശലക്ഷം പൂക്കളാണ് ഇവിടെ വിരിയിക്കുന്നത്. 14 ദശലക്ഷത്തോളം പൂക്കൾ കയറ്റുമതിയും ചെയ്യുന്നു.