
ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ യുഎസിന് ആശങ്കയുണ്ടെന്ന് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ച തുളസി, ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ക്യാബിനറ്റ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി ചർച്ചകൾ ആരംഭിച്ചതായും അറിയിച്ചു. ആഗോളതലത്തിൽ 'ഇസ്ലാമിക ഭീകരത'യെ പരാജയപ്പെടുത്തുന്നതിൽ ട്രംപ് ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും തുളസി ഗബ്ബാർഡ് പറഞ്ഞു. എൻഡിടിവി വേൾഡിന് നൽകിയ അഭിമുഖത്തിലായിരുന്നു യുഎസ് ഇന്റലിജൻസ് മേധാവിയുടെ പ്രസ്താവന.
"ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ തുടങ്ങിയ മതന്യൂനപക്ഷങ്ങൾക്കെതിരെ ദീർഘകാലമായി നടക്കുന്ന ദൗർഭാഗ്യകരമായ പീഡനങ്ങൾ, കൊലപാതകങ്ങൾ എന്നിവ യുഎസ് സർക്കാരിനും പ്രസിഡന്റ് ട്രംപിനും അദ്ദേഹത്തിന്റെ ഭരണകൂടത്തിനും ആശങ്ക ജനിപ്പിക്കുന്നതാണ്", തുളസി ഗബ്ബാർഡ് പറഞ്ഞു.
ബംഗ്ലാദേശിലെ സാഹചര്യത്തെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ ഇതിനോട് ചേർത്ത് 'ഇസ്ലാമിക ഖിലാഫത്ത്' എന്ന ആശയത്തെക്കുറിച്ചും തുളസി പരമർശിച്ചു. ആഗോളതലത്തിൽ തീവ്രവാദ ഗ്രൂപ്പുകള്‍ 'ഇസ്ലാമിക ഖിലാഫത്ത്' സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരേ പ്രത്യയശാസ്ത്രത്തിലും ലക്ഷ്യത്തിലും ഊന്നിയാണ് വ്യത്യസ്ത ഇസ്ലാമിക ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. അതായത് ഒരു ഇസ്ലാമിക ഖിലാഫത്തിനൊപ്പം ഭരിക്കുകയെന്നതാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യമെന്നും തുളസി പറഞ്ഞു. "ഇത് അവർക്ക് സ്വീകാര്യമെന്ന് തോന്നുന്ന മതം ഒഴികെയുള്ള മറ്റേതൊരു മതത്തിലെയും ആളുകളെ ബാധിക്കുന്നു. ഭീകരതയിലൂടെയും വളരെ അക്രമാസക്തമായ മാർഗങ്ങളിലൂടെയുമാണ് അവർ ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നത്", തുളസി ഗബ്ബാർഡ് പറഞ്ഞു. അത്തരം പ്രത്യയശാസ്ത്രങ്ങളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താനും 'തീവ്ര ഇസ്ലാമിക ഭീകരത'യുടെ ഉയർച്ച അവസാനിപ്പിക്കാനും ഡൊണാൾഡ് ട്രംപ് ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്നും യുഎസ് ഇന്റലിജൻസ് മേധാവി അറിയിച്ചു.
ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക് പുറമേ പാകിസ്ഥാൻ ഇന്റിലിജൻസ് ഏജൻസിയായ ഐഎസ്ഐയുമായുള്ള രാജ്യത്തിന്‍റെ ബന്ധം വളരുന്നതും യുഎസിനും ഇന്ത്യക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കഴിഞ്ഞ രണ്ട് മാസമായി ഇങ്ങനെ ഒരു പ്രവണത ബംഗ്ലാദേശിനുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പ്രദേശങ്ങളിൽ, പ്രത്യേകിച്ച് സിലിഗുരി ഇടനാഴിയിൽ, ഐഎസ്‌ഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ളതായി കഴിഞ്ഞ മാസം ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ആശങ്ക അറിയിച്ചിരുന്നു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ, ഇന്ത്യാ വിരുദ്ധർക്ക് ആ മണ്ണ് ഉപയോഗിച്ച് ഇന്ത്യയിലേക്ക് തീവ്രവാദികളെ അയയ്ക്കാൻ കഴിയില്ലെന്നും ജനറൽ ദ്വിവേദി പറഞ്ഞു. ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദിയും ഡൊണാൾഡ് ട്രംപും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ, ബംഗ്ലാദേശിലെ സാഹചര്യം കൈകാര്യം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുവദിക്കുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നു.