അങ്ങനെയൊരു സംഭവവും 'ചാഞ്ചാട്ടം' സെറ്റില്‍ ഉണ്ടായിട്ടില്ല: ആരോപണം നിഷേധിച്ച് തുളസീദാസ്

1991ല്‍ ചാഞ്ചാട്ടം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് തന്നോട് മോശമായി പെരുമാറി എന്നാണ് ഗീതാ വിജയന്റെ വെളിപ്പെടുത്തല്‍
അങ്ങനെയൊരു സംഭവവും 'ചാഞ്ചാട്ടം' സെറ്റില്‍ ഉണ്ടായിട്ടില്ല: ആരോപണം നിഷേധിച്ച് തുളസീദാസ്
Published on


നടി ഗീതാ വിജയന്‍ നടത്തിയ ആരോപണം നിഷേധിച്ച് സംവിധായകന്‍ തുളസീദാസ്. തന്റെ ചാഞ്ചാട്ടം എന്ന സിനിമ സെറ്റില്‍ അങ്ങനെയൊരു സംഭവവും ഉണ്ടായിട്ടില്ലെന്നാണ് തുളസീദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 1991ല്‍ ചാഞ്ചാട്ടം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് തന്നോട് മോശമായി പെരുമാറി എന്നാണ് ഗീതാ വിജയന്റെ വെളിപ്പെടുത്തല്‍.

'ഗീതാ വിജയന്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലാകുന്നില്ല. സത്യത്തില്‍ അങ്ങനെ ഒരു സംഭവവും എന്റെ ചാഞ്ചാട്ടം സെറ്റില്‍ ഉണ്ടായിട്ടില്ല. വളരെ സന്തോഷമായിട്ട് വര്‍ക്ക് കഴിഞ്ഞ് പോയൊരു ആര്‍ട്ടിസ്റ്റാണ് ഗീതാ വിജയന്‍. പല സ്ഥലത്ത് വെച്ചും വീണ്ടും ഞങ്ങള്‍ കണ്ടിട്ടുണ്ട്. അപ്പോഴും വലിയ സന്തോഷത്തോടെ എന്നോട് സംസാരിച്ചിട്ടുള്ള ആര്‍ട്ടിസ്റ്റാണ്. ഇത്രയും വര്‍ഷം കഴിഞ്ഞിട്ട് ഇപ്പോള്‍ എന്തിനാണ് ഞാന്‍ കതകില്‍ വന്ന് മുട്ടി എന്നൊക്കെ പറഞ്ഞിരിക്കുന്നത്. അങ്ങനെയൊരു സംഭവം എന്റെ സെറ്റില്‍ ഉണ്ടായിട്ടില്ല. ഉര്‍വശി, സിദ്ദിഖ് ജയറാം, മനോജ് കെ ജയന്‍ എന്നിവരൊക്കെയുള്ള ഒരു സിനിമയായിരുന്നു ചാഞ്ചാട്ടം. ചാഞ്ചാട്ടം എന്റെ തുടക്കകാലത്തുള്ള സിനിമയാണ്. അപ്പോഴൊക്കെ നമ്മള്‍ ഒരിക്കലും അത്തരത്തിലുള്ള ചിന്തകളിലേക്കോ മറ്റോ പോകുന്ന ഒരു മാനസികാവസ്ഥയില്‍ അല്ല. നല്ല സിനിമകള്‍ ചെയ്ത് രക്ഷപ്പെടണം എന്ന ചിന്തയില്‍ നില്‍ക്കുന്ന സമയമാണ് അത്. ഇപ്പോള്‍ എന്തുകൊണ്ടാണ് ഗീതാ വിജയന്‍ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല. അവന്‍ ചാണ്ടിയുടെ മകന്‍ എന്ന സിനിമയിലെ നായികയുടെ കാര്യവും പറയുന്നുണ്ട്. കതക് മുട്ടി തുറന്ന് നോക്കിയപ്പോള്‍ കോറിഡോറില്‍ ഞാന്‍ നില്‍ക്കുന്നത് കണ്ടു എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെയാണെങ്കില്‍ അപ്പോള്‍ തന്നെ എന്നോട് കതക് മുട്ടിയോ എന്ന് ചോദിക്കാമായിരുന്നു. ഇതില്‍ യാതൊരു സത്യവുമില്ല എന്നുന്നള്ളതാണ് ഏറ്റവും വലിയ സന്തോഷം', തുളസീദാസ് പറഞ്ഞു.

അതേസമയം നടന്‍ ബാബുരാജ്, സംവിധായകന്‍ ശ്രീകുമാര്‍ മേനോനും എതിരെ ലൈംഗികാരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് രംഗത്തെത്തി. അതോടൊപ്പം മലയാള സിനിമയിലെ പ്രമുഖ നടന്‍മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ലൈംഗികാരോപണവുമായി നടി മിനു മൂനീര്‍ രംഗത്തെത്തി. നടന്മാരായ മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, അഡ്വ. ചന്ദ്രശേഖരന്‍ വി.എസ്, വിച്ചു എന്നിവര്‍ക്കെതിരെയാണ് ആരോപണം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com