
അണ്ണാ ഡിഎംകെയേയും ഡിഎംകെയേയും വിമർശിച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. അണ്ണാ ഡിഎംകെ ബിജെപിയുടെ പരസ്യ പങ്കാളിയും ഡിഎംകെ ബിജെപിയുടെ രഹസ്യപങ്കാളിയാണെന്നും വിജയ് വിമർശിച്ചു. രണ്ട് എതിരാളികളും പരസ്യമായി ശത്രുക്കളായി അഭിനയിക്കുമ്പോഴും രഹസ്യമായി രാഷ്ട്രീയ ധാരണ നിലനിർത്തുന്നുവെന്നായിരുന്നു ആരോപണം. എഐഎഡിഎംകെയെ ബിജെപി പങ്കാളിയാക്കിയതില്‍ അത്ഭുതപ്പെടാനില്ലെന്നും വിജയ് പറഞ്ഞു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷാ സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു വിജയുടെ പ്രതികരണം.
എഐഡിഎംകെ സ്ഥാപകൻ എം.ജി.ആറിൻ്റെ ആശയങ്ങളിൽ നിന്നും എത്രയോ ദൂരെയാണ് ഇപ്പോൾ പ്രസ്ഥാനമുള്ളത്. എം.ജി.ആറിന്റെ അനുഗ്രഹം ഇപ്പോൾ ഉള്ളത് തമിഴ് വെട്രി കഴകത്തിനൊപ്പമാണ്. നിയമാസഭാ തിരഞ്ഞെടുപ്പില്‍ ടിവികെയും ഡിഎംകെയും തമ്മിലാണ് മത്സരമുണ്ടാകുക. അവിടെ എഐഎഡിഎംകെയ്ക്ക് സ്ഥാനമില്ല എന്നും വിജയ് കൂട്ടിച്ചേര്‍ത്തു. തമിഴ്നാടിനെ വഞ്ചിച്ചവർക്കൊപ്പമാണ് എഐഎഡിഎംകെ ചേർന്നതെന്നും ബിജെപി എങ്ങനെ വന്നാലും പാഠം പഠിപ്പിക്കാൻ തമിഴ് ജനത കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിൽ എഐഎഡിഎംകെയുമായി ബിജെപി സഖ്യം പ്രഖ്യാപിച്ചത്. 2026 നിയമസഭ തെരഞ്ഞെടുപ്പിൽ എടപ്പാടി കെ. പളനിസ്വാമി (ഇപിഎസ്) സഖ്യത്തെ നയിക്കുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. എഐഎഡിഎംകെ, എൻഡിഎ സഖ്യത്തിൽ ചേരുന്നത് ഉപാധികളില്ലാതെയാണ്. എടപ്പാടി പളനി സ്വാമിയുടെയും കെ. അണ്ണാമലൈയുടെയും സാന്നിധ്യത്തിലായിരുന്നു സഖ്യ പ്രഖ്യാപനം. അണ്ണാമലൈ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ ബിജെപി നിയമസഭാ കക്ഷി നേതാവും മുൻ മന്ത്രിയുമായ നൈനാർ നാഗേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെയായിരുന്നു സഖ്യ പ്രഖ്യാപനം.