ട്വന്‍റി 20 ലോകകപ്പ് ഫൈനല്‍; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം

വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറി(76) മികവിലാണ് തകര്‍ച്ചയുടെ വക്കില്‍ നിന്നും ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെത്തിയത്.
ട്വന്‍റി 20 ലോകകപ്പ് ഫൈനല്‍; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം
Published on

ട്വന്‍റി ട്വന്‍റി ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ട്വന്‍റി-ട്വന്‍റി ലോകകപ്പ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറി(76) മികവിലാണ് തകര്‍ച്ചയുടെ വക്കില്‍ നിന്നും ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെത്തിയത്. അക്സര്‍ പട്ടേലിനും ശിവം ദുബെയും ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല.

ആദ്യ രണ്ട് ഓവറുകള്‍ പൂര്‍ത്തിയാകും മുന്‍പെ ദക്ഷിണാഫ്രിക്ക വരവറിയിച്ചു. 9 റണ്‍സ് എടുത്ത നായകന്‍ രോഹിതിനെ കേശവ് മഹാരാജ് ഹെന്‍ട്രിക് ക്ലാസന്‍റെ കൈകളിലെത്തിച്ചു. പിന്നാലെയെത്തിയ ഋഷഭ് പന്തിനെ പുറത്താക്കി കേശവ് മഹാരാജ് ഇന്ത്യയ്ക്ക് രണ്ടാം പ്രഹരം നല്‍കി. നാലാം ഓവറിലെ മൂന്നാം പന്തില്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി റബാഡ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ സമ്മര്‍ദത്തിലാക്കി. ആദ്യ അഞ്ച് ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 39/3 എന്ന നിലയിലായിരുന്നു ഇന്ത്യയുടെ നില. കരുതലോടെ കളിച്ച വിരാട് കോഹ്ലിയും അക്സര്‍ പട്ടേലും ടീം സ്കോര്‍ സാവധാനം ഉയര്‍ത്തിക്കൊണ്ടിരുന്നു. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സായിരുന്നു ഇന്ത്യന്‍ സ്കോര്‍.

ബൗണ്ടറി ലൈനിലടക്കം ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ ഉണര്‍ന്നു കളിച്ചത് ഇന്ത്യയുടെ സ്കോറിങ് മന്ദഗതിയിലാക്കി. 13-ാം ഓവറിലെ മൂന്നാം പന്തില്‍ 47 റണ്‍സെടുത്ത അക്സര്‍ പട്ടേലിനെ ക്വിന്‍റന്‍ ഡിക്കോക്ക് റണ്ണൗട്ടാക്കി. മുന്‍ മത്സരങ്ങളില്‍ ഫോം ഔട്ടായിരുന്ന വിരാട് കോഹ്ലിയുടെ അര്‍ധ സെഞ്ചുറി ഇന്ത്യന്‍ ബാറ്റിംഗില്‍ നിര്‍ണായകമായി. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ജാന്‍സെന്‍ എറിഞ്ഞ പന്ത് റബാദയുടെ കൈകളിലെത്തിയതോടെ കോഹ്ലിയും പുറത്തായി. 59 പന്തില്‍ നിന്ന് രണ്ട് സിക്സും ആറ് ഫോറും അടക്കം 76 റണ്‍സായിരുന്നു വിരാട് കോഹ്ലിയുടെ സംഭാവന. അവസാന ഓവറില്‍ 27 റണ്‍സുമായി ശിവം ദുബെയും മടങ്ങി. അവസാന പന്തില്‍ രണ്ട് റണ്‍സെടുത്ത ജഡേജയും മടങ്ങിയതോടെ ഇന്ത്യന്‍ സ്കോര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സില്‍ അവസാനിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com