
കൊടിക്കുന്നില്‍ സുരേഷിന് പ്രോ ടേം സ്പീക്കര്‍ സ്ഥാനം നല്‍കാതിരുന്ന നടപടിയില്‍ പ്രതിപക്ഷം വ്യാപകമായി വിമര്‍ശനം ഉന്നയിക്കുന്നതിനിടെ വിശദീകരണവുമായി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു. കൊടിക്കുന്നില്‍ സുരേഷിന് പകരം ഒഡീഷയില്‍ നിന്നുള്ള എം പി ഭര്‍തൃഹരി മഹ്താബിനെയാണ് പ്രോ ടേം സ്പീക്കര്‍ ആയി തെരഞ്ഞെടുത്തത്. എന്നാല്‍ പ്രോ ടേം സ്പീക്കര്‍ സ്ഥാനം താത്കാലികമാണെന്നും, അവര്‍ക്ക് സഭയുടെ നടത്തിപ്പില്‍ കാര്യമായൊന്നും ചെയ്യാനില്ലെന്നും, പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ മാത്രമേ അവര്‍ക്ക് ചുമതല ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതില്‍ പ്രതിഷേധമറിയിച്ച കോണ്‍ഗ്രസ്, ഇങ്ങനെ സംസാരിക്കുന്നത് വലിയ അപമാനകരമാണെന്ന് കിരണ്‍ റിജിജു വിമര്‍ശിച്ചു. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവര്‍ക്ക് മാത്രമേ തെറ്റുപറ്റിയെന്ന് തോന്നുകയുള്ളു. പരാജയമറിയാതെ ഏഴ് തവണ എംപി ആയ വ്യക്തിയാണ് ഭര്‍തൃഹരി മഹ്താബ്, എന്നാല്‍ കൊടിക്കുന്നില്‍ സുരേഷ് 8 തവണ എംപി ആയെങ്കിലും 1998 ലും, 2004 ലും അദ്ദേഹം പരാജയപ്പെട്ടിട്ടുണ്ടെന്നും കിരണ്‍ റിജിജു പറഞ്ഞു.
അതേസമയം, തുടര്‍ച്ചയായി ഏഴ് തവണ സഭാംഗമായ ഭര്‍തൃഹരിയെയാണ് പ്രോം ടേം സ്പീക്കര്‍ ആക്കിയതെന്ന വിശദീകരണവുമായി മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും രംഗത്തെത്തി. പ്രസിഡന്റ് ദ്രൗപതി മുര്‍മു കൊടിക്കുന്നിലിനെ തഴഞ്ഞ് ഭര്‍തൃഹരി മഹ്താബിനെ പ്രോ ടേം സ്പീക്കറായി നിയമിച്ചുവെന്ന് കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചത്.
എന്നാല്‍, കേന്ദ്ര നടപടിക്കെതിരെ വലിയ സംസ്ഥാനത്ത് വലിയ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞദിവസം പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു.സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. സംഘപരിവാര്‍ പിന്തുടരുന്ന സവര്‍ണ രാഷ്ട്രീയത്തിന്റെ ഭാഗമാണ് നടപടിയെന്ന് സംശയിക്കുന്നവര്‍ക്ക്, ബിജെപിയുടെ മറുപടി എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.
സഭയിലെ മുതിര്‍ന്ന ദളിത് എംപിയായ കൊടിക്കുന്നിലിനെ തഴഞ്ഞത് എന്തിനാണെന്നും, മന്ത്രിയുടെ ഉദ്ദേശം എന്താണെന്നും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കീഴ്വഴക്കം ലംഘിച്ചതായും 2014ല്‍ പോലും കോണ്‍ഗ്രസിലെ മുതിര്‍ന്ന എംപി കമല്‍നാഥിനെ പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുത്തിരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷും ദേശീയ മാധ്യമത്തോടു പ്രതികരിച്ചിരുന്നു.