റെയില്‍വേ പാലത്തില്‍ നിന്ന് നാല് പേര്‍ പുഴയില്‍ ചാടിയതില്‍ ട്വിസ്റ്റ്; സംഭവം തട്ടിപ്പ് നടത്തി രക്ഷപ്പെടുന്നതിനിടെ

ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് ചാലക്കുടി റെയിൽവേ മേൽപ്പാലത്തിൽ നിന്നും നാല് പേർ പുഴയിൽ വീഴുന്നത് ലോക്കോ പൈലറ്റ് കണ്ടത്.
റെയില്‍വേ പാലത്തില്‍ നിന്ന് നാല് പേര്‍ പുഴയില്‍ ചാടിയതില്‍ ട്വിസ്റ്റ്; സംഭവം തട്ടിപ്പ് നടത്തി രക്ഷപ്പെടുന്നതിനിടെ
Published on

തൃശൂര്‍ ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് പുഴയില്‍ വീണ് നാല് പേരെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്.കോഴിക്കോട് സ്വദേശികളെ നിധി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് രക്ഷപ്പെടുന്നതിനിടെയാണ് ഇവര്‍ പുഴയിലേക്ക് ചാടിയതെന്ന് പൊലീസ് കണ്ടെത്തി. സംഘത്തിലെ ഒരാളെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മറ്റ് മൂന്ന് പേരെ പെരുമ്പാവൂരില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ചാലക്കുടി റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും നാല് പേര്‍ പുഴയില്‍ വീഴുന്നത് തിരുവനന്തപുരം-ചെന്നൈ മെയിലിലെ ലോക്കോ പൈലറ്റ് കാണുന്നത്. ഉടന്‍ തന്നെ ലോക്കോ പൈലറ്റ് വിവരം റെയില്‍വേ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് റെയില്‍വേയുടെയും പൊലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ കാണാതായവര്‍ക്കായി മണിക്കൂറുകളോളമാണ് തെരച്ചില്‍ നടന്നത്.

ഇതിനിടെ ചാലക്കുടി സ്വദേശിയായ ഒരു ഓട്ടോ ഡ്രൈവര്‍, പുഴയില്‍ ചാടിയവരെ കണ്ടുവെന്നും ഒരാള്‍ക്ക് പരിക്കേറ്റിരുന്നുവെന്നും പൊലീസിനെ അറിയിച്ചു. ഇതര സംസ്ഥാനക്കാരായ ഇവരെ പെരുമ്പാവൂര്‍ ഭാഗത്തേക്ക് ഓട്ടോ കയറ്റി വിട്ടുവെന്നും ഇയാള്‍ പറഞ്ഞതോടെ തട്ടിപ്പുസംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ക്ക് നിധി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് നാലംഗ സംഘം ഇവരെ ചാലക്കുടിയിലേക്ക് വിളിച്ച് വരുത്തുന്നത്. പിന്നീട് തട്ടിപ്പുകാര്‍ ഇവരില്‍ നിന്നും നാല് ലക്ഷം രൂപ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

തട്ടിപ്പ് നടത്തിയ ശേഷം ചാലക്കുടി റെയില്‍വേ പാളത്തിലൂടെ ഓടി രക്ഷപ്പെടുന്നതിനിടെ ഒരാള്‍ ട്രെയിനിടിച്ച് പുഴയില്‍ വീണു. അപകടം നേരില്‍ കണ്ട മറ്റ് മൂന്ന് പേരും ഇയാളെ രക്ഷിക്കുന്നതിനായാണ് പുഴയില്‍ ചാടിയത്. ട്രെയിനിടിച്ച ആളെ പുഴയില്‍ നിന്ന് രക്ഷിച്ച്, പുഴ നീന്തി കയറി, ഇവര്‍ ചാലക്കുടിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയാണ് ചെയ്തത്.

തട്ടിപ്പിന് ഇരയായതിന് പിന്നാലെ പരാതിയുമായെത്തിയ കോഴിക്കോട് സ്വദേശികളും, ഓട്ടോ ഡ്രൈവറും നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നിധി നല്‍കാമെന്ന വാഗ്ദാനം നടത്തിയ പ്രതികള്‍ മുക്കുപണ്ടം നല്‍കി പരാതിക്കാരെ കബളിപ്പിക്കുക ആയിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com