
ടൊവീനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ വ്യാജ കോപ്പി ഇറങ്ങിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നുമാണ് ഇവര്‍ അറസ്റ്റിലായത്. വ്യാജ പതിപ്പ് ഇറങ്ങി മുപ്പത് ദിവസത്തിനുള്ളിലാണ് കാക്കനാട് സൈബര്‍ ക്രൈം പൊലീസ് പ്രതികളെ പിടികൂടിയത്.
ഇന്ന് രാവിലെയോടെയായിരുന്നു അറസ്റ്റ്. പ്രതികള്‍ മലയാളികളാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രതികളെ ഇന്ന് വൈകുന്നേരം 4 മണിയോടെ കൊച്ചിയില്‍ എത്തിക്കും. രണ്ടാഴ്ച മുന്‍പ് തന്നെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികളുടെ ലൊക്കേഷന്‍ മനസ്സിലാക്കിയ പൊലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം 12 ന് ആണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്യുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ സിനിമയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങി. തിയേറ്ററില്‍ നിന്നും ഷൂട്ട് ചെയ്ത പതിപ്പാണ് ടെലിഗ്രാമില്‍ പ്രചരിച്ചത്. ഇത് ഷൂട്ട് ചെയ്തതും അപ് ലോഡ് ചെയ്തതും കേരളത്തിന് പുറത്തു നിന്നുമാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
ആദ്യം മുതല്‍ തന്നെ കേരളത്തിന് പുറത്തു നിന്നുള്ള സാധ്യതകളാണ് പൊലീസ് അന്വേഷിച്ചത്. സിനിമയുടെ വ്യാജ പ്രിന്റ്‌റില്‍ ഇംഗ്ലീഷ് സബ് ടൈറ്റിലുണ്ടായിരുന്നു. ഇതില്‍ നിന്നുമാണ് സിനിമ ഷൂട്ട് ചെയ്തത് കേരളത്തിന് പുറത്തു നിന്നുള്ള തീയേറ്ററില്‍ നിന്നാണെന്ന് പൊലീസ് മനസിലാക്കിയത്. ഇത് കേന്ദ്രികരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്.
ഗൂഢലക്ഷ്യത്തോടെയാണ് തീയേറ്റര്‍ പതിപ്പ് പുറത്തു വിട്ടത് എന്നായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ആരോപണം. സിനിമയുടെ വ്യാജ പ്രിന്റ് ഒരാള്‍ ട്രെയിനില്‍ ഇരുന്ന് കാണുന്ന വീഡിയോ സംവിധായകന്‍ തന്നെ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.