
കൊല്ലം ജില്ലയിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി നസിറുൾ ഇസ്ലാം (35) , മനോവാർ ഹോട്ട്ചൻ എന്നിവരാണ് പിടിയിലായത്. നസിറുൾ ഇസ്ലാമിനെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ആയൂരിൽ നിന്ന് പിടികൂടി അഞ്ചൽ പൊലീസിന് കൈമാറുകയായിരുന്നു. മനോവാർ ഹോട്ട്ചനെ കൊട്ടിയം പൊലീസാണ് പിടികൂടിയത്.
വർഷങ്ങളായി ഇവർ ഇന്ത്യയിൽ കഴിഞ്ഞുവരികയായിരുന്നു. അസം സ്വദേശികൾ എന്ന വ്യാജേനെയാണ് ഇവർ കേരളത്തിൽ താമസിച്ചിരുന്നത്. ഇവരിൽ നിന്ന് ആധാർ കാർഡും പൊലീസ് പിടികൂടിയിട്ടുണ്ട്. ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഇവർ വർഷങ്ങൾക്ക് മുൻപ് ബംഗ്ലാദേശ് അതിർത്തി കടന്ന് ഇന്ത്യയിൽ എത്തിയവരാണെന്ന് മനസിലാക്കിയത്. രാജ്യത്തെ വിവിധ ഇടങ്ങളിൽ താമസിച്ച ശേഷമാണ് ഇവർ കേരളത്തിലെത്തിയത്. ഇത്തരത്തിൽ നിരവധി പേർ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയത്. ഈ തെരച്ചിലിനിടയിലാണ് അഞ്ചലിൽ നിന്നും കൊട്ടിയത്തു നിന്നും ബംഗ്ലാദേശ് സ്വദേശികൾ പിടിയിലായത്.