മണോളിക്കാവ് പൊലീസുകാരെ മർദിച്ച കേസ്: രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ, എൻ.സി. ലിനേഷ് എന്നിവരാണ് അറസ്റ്റിലായത്
മണോളിക്കാവ് പൊലീസുകാരെ മർദിച്ച കേസ്: രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
Published on

കണ്ണൂ‍ർ തലശേരി മണോളിക്കാവിൽ പൊലീസിനെ മർദിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തക‍ർ അറസ്റ്റിൽ. കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ, എൻ.സി. ലിനേഷ് എന്നിവരാണ് അറസ്റ്റിലായത്. ആക്രമണ ദൃശ്യങ്ങൾ നോക്കിയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ വ്യാഴാഴ്ച മണോളിക്കാവില്‍ കലശം വരവിനിടെ സിപിഎം - ബിജെപി സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച തലശ്ശേരി എസ്‌ഐയെ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. പിന്നാലെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ ഇതിൽ പ്രതിയായ ആളെ മോചിപ്പിച്ചിരുന്നു. മണോളിക്കാവിലെ ഉത്സവത്തിനിടെ പൊലീസുകാരെ പൂട്ടിയിട്ട ശേഷം പ്രതിയെ മോചിപ്പിക്കുകയായിരുന്നു.

മണോളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്നാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസ്. കേരളം ഭരിക്കുന്നത് ഞങ്ങളാണെന്ന് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശേരി സ്റ്റേഷനിൽ കാണില്ലെന്ന് സിപിഎം ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

ആക്രമണത്തിൽ തലശേരി എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം - ബിജെപി സംഘർഷം തടയുന്നതിനിടെയായിരുന്നു പൊലീസുകാർക്ക് മർദനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com