VIDEO | ബ്രൂക്ക്‌ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനാ കപ്പൽ ഇടിച്ചു; രണ്ട് മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

277 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. 15 രാജ്യങ്ങളിലെ 22 തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു യാത്ര.
VIDEO | ബ്രൂക്ക്‌ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനാ കപ്പൽ ഇടിച്ചു; രണ്ട് മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്
Published on



ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ ബ്രൂക്ക്‌ലിന്‍ പാലത്തില്‍ മെക്സിക്കന്‍ നാവികസേനാ കപ്പലിടിച്ച് രണ്ട് മരണം. കപ്പലിന്റെ കൊടിമരങ്ങള്‍ പാലത്തില്‍ ഇടിച്ചു തകര്‍ന്ന് ഡെക്കിലേക്ക് വീണായിരുന്നു അപകടം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റതായും സിറ്റി മേയറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 277 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ശനിയാഴ്ച വൈകിട്ടോടെ നടന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മെക്സിന്‍ നാവികസേനയുടെ ട്രെയ്നിങ് കപ്പലായ കുവാമെഹോക് ആണ് അപകടത്തില്‍പ്പെട്ടത്. നേവൽ കേഡറ്റുമാരും ഓഫീസർമാരും ക്രൂവുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. 15 രാജ്യങ്ങളിലെ 22 തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു യാത്ര. 254 ദിവസത്തെ യാത്രയില്‍, 170 ദിവസം കടലിലും 84 ദിവസം തുറമുഖത്തും ചെലവഴിക്കാനായിരുന്നു തീരുമാനം. ന്യൂയോർക്ക് ഹാർബറിൽ നിന്ന് പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതോടെ യാത്ര തുടരാനാകില്ലെന്ന് മെക്സിന്‍ നാവികസേന എക്സില്‍ അറിയിച്ചു. അപകട സാഹചര്യത്തെക്കുറിച്ചും വ്യാപ്തിയെക്കുറിച്ചും പരിശോധിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

1982ൽ സർവീസ് ആരംഭിച്ച കുവാമെഹോകിന് 297 അടി നീളവും 40 അടി വീതിയുമുണ്ട്. നാവിക സൈനിക സ്കൂളിലെ പരിശീലനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്കായി എല്ലാ വര്‍ഷവും ഇത്തരം യാത്ര സംഘടിപ്പിക്കാറുമുണ്ട്. അപകടത്തിനു തൊട്ടുമുന്‍പായി കപ്പലിന്റെ വൈദ്യുതി നഷ്ടപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, പാലത്തിന് കാര്യമായ കേടുപാടില്ലെന്നാണ് അധികൃതരുടെ നിഗമനം. 1883ല്‍ നിര്‍മാണം പൂര്‍ത്തിയായ ബ്രൂക്ക്‌ലിൻ പാലം, ന്യൂയോർക്ക് സിറ്റിയിലെ ഏറ്റവും പഴയ പാലങ്ങളിൽ ഒന്നാണ്. ആഗോള വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച പാലം ന്യൂയോര്‍ക്ക് നഗരത്തിന്റെ അഭിമാന ചിഹ്നം കൂടിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com