
ഗുജറാത്തിലെ പോർബന്തർ തീരത്ത് അറബിക്കടലിൽ രക്ഷാ പ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ കടലിൽ പതിച്ച സംഭവത്തിൽ കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. കമാൻഡൻ്റ് വിപിൻ ബാബു, കരൺ സിംഗ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് പോർബന്തർ കോസ്റ്റ് ഗാർഡ് ഡിഐജി പങ്കജ് അഗർവാൾ അറിയിച്ചു. എമർജൻസി ലാൻഡിങ്ങിനായി കപ്പലിന് സമീപമെത്തിയപ്പോഴാണ് ഹെലികോപ്റ്റർ അറബിക്കടലിൽ പതിച്ചത്.
അപകടത്തിൽ പരുക്കേറ്റ ഒരു ജീവനക്കാരനെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ കാണാതായ ഒരാളെകുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാൾക്കായുള്ള തെരച്ചിലിനായി നാല് കപ്പലുകളും രണ്ട് വിമാനങ്ങളും വിന്യസിച്ചിതായി കോസ്റ്റ് ഗാർഡ് അറിയിച്ചു.
പോർബന്തറിൻ്റെ തീരത്തുണ്ടായിരുന്ന മോട്ടോർ ടാങ്കറായ ഹരിലീലയിൽ പരുക്കേറ്റ ജീവനക്കാരനെ രക്ഷിക്കാനായാണ് കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ എത്തിയത്. പരുക്കേറ്റ ജീവനക്കാരനെ ടാങ്കറിൽ നിന്ന് പുറത്തെടുക്കാൻ രാത്രി 11 മണിക്ക് ഒരു അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്റർ വിന്യസിച്ചതായി കോസ്റ്റ് ഗാർഡ് എക്‌സിലെ പോസ്റ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് തീരത്തുണ്ടായ ചുഴലിക്കാറ്റിൽ 67 പേരുടെ ജീവൻ രക്ഷിച്ച ഹെലികോപ്റ്ററാണ് കടലിൽ പതിച്ചതെന്നാണ് റിപ്പോർട്ട്.