
ഹംപിയിൽ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കർണാടക ഗംഗാവതി സിറ്റി സ്വദേശികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് കൊപ്പൽ എസ്‌പി പറഞ്ഞു.
27കാരിയായ ഇസ്രയേലിൽ നിന്നുള്ള വിദേശസഞ്ചാരിയും 29കാരിയായ ഹോം സ്റ്റേ ഓപ്പറേറ്ററുമാണ് ഹംപിക്ക് അടുത്തുള്ള സനാപൂർ തടാകത്തിന് അടുത്ത് വെച്ച് ബലാത്സംഗത്തിന് ഇരയായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന പുരുഷന്മാരായ വിനോദ സഞ്ചാരികളെ ആക്രമിച്ച് കനാലിലേക്ക് തള്ളിയിട്ടതിന് ശേഷമാണ് വനിതകളെ ബലാത്സംഗം ചെയ്തത്. കനാലിലേക്ക് തള്ളിയിട്ട പുരുഷന്മാരിൽ ഒരാളുടെ മരണം സ്ഥിരീകരിച്ചിരുന്നു.
അത്താഴത്തിന് ശേഷം താനും നാല് അതിഥികളും തുംഗഭദ്ര ഇടതുകര കനാലിന്റെ തീരത്ത് വാന നിരീക്ഷണത്തിനായി പോയപ്പോഴാണ് പ്രതി ബൈക്കിൽ എത്തിയതെന്ന് ഹോംസ്റ്റേ ഉടമ പരാതിയിൽ പറയുന്നു. ആദ്യം പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ച അവർ പിന്നീട് അവരോട് പണം ചോദിക്കാൻ തുടങ്ങി. പണം തരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അവർ സഞ്ചാരികളെ ആക്രമിക്കുകയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ബലാത്സംഗം സ്ഥിരീകരിക്കുന്നതിനായി സ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് രാം എൽ. അരസിദ്ദി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.