
ലിബിയയുടെ മരുഭൂമികളില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കണ്ടെടുത്തത് 50 ഓളം മൃതദേഹങ്ങള്‍.. ഒരു ശവക്കുഴിയില്‍ ഡസന്‍ കണക്കിന് മൃതദേഹങ്ങള്‍ വരെ കൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന്‍റെ പ്രധാന പാതയായി ലിബിയ മാറുമ്പോള്‍, മനുഷ്യക്കടത്ത് സംഘങ്ങള്‍ക്ക് ഇരയാകുന്നവരാണ് ഈ ദുർവിധി നേരിടുന്നത്.
ലിബിയയുടെ തെക്കുകിഴക്കുള്ള മരുഭൂമികളില്‍ നിന്നാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 50 ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റെഡ് ക്രസന്‍റിന്‍റെയും പ്രാദേശിക ഭരണാധികാരികളുടെയും നേതൃത്വത്തിലെ അന്വേഷണത്തിലാണ് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായി കൊല്ലപ്പെട്ട കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ ഈ വിധം മറവുചെയ്ത നിലയില്‍ കണ്ടെത്തിയത്. ലിബിയയിലെ ഏറ്റവും വലിയ ജില്ലയായ കുഫ്രയിലെ ജിഖറയ്ക്ക് സമീപത്തുനിന്നാണ് ആദ്യത്തെ കൂട്ടകുഴിമാടം കണ്ടെത്തിയത്. മരുഭൂമിക്കുനടുവിലെ ഫാമിലെ മൂന്ന് കുഴിമാടങ്ങളില്‍ നിന്ന് 19 മൃതദേഹങ്ങളാണ് വീണ്ടെടുത്തത്. ഒരു ശവക്കുഴിയില്‍ 14 മൃതദേഹങ്ങള്‍ വരെ കൂട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തല്‍.
ദിവസങ്ങള്‍ക്കിപ്പുറം, തിങ്കളാഴ്ച കുഫ്രയിലെ തന്നെ മറ്റൊരു കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 30 ഓളം മൃതദേഹങ്ങളടങ്ങിയ കുഴിമാടം കണ്ടെത്തി. പുതപ്പുകളിലും പ്ലാസ്റ്റിക് കവറുകളിലും പൊതിഞ്ഞ് മണലില്‍ പുതച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. മനുഷ്യക്കടത്ത് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഇവിടെനിന്ന് 76 കുടിയേറ്റക്കാരെ ജീവനോടെയും മോചിപ്പിച്ചു. കുറഞ്ഞത് 70 പേരെയെങ്കിലും സമീപപ്രദേശങ്ങളിലായി അടക്കം ചെയ്തിട്ടുണ്ടെന്ന അതിജീവിതരുടെ മൊഴിയില്‍ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. മനുഷ്യക്കടത്തിന് പിന്നില്‍ പ്രവർത്തിച്ച രണ്ടുവിദേശികളടക്കം മൂന്നുപേർ ഇവിടെനിന്നും കസ്റ്റഡിയിലായി.
യുദ്ധവും ദാരിദ്രവും പിടിമുറുക്കിയ വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്നവരാണ് ഇത്തരം സംഘങ്ങളുടെ പ്രധാന ഇരകള്‍. കുടിയേറ്റശ്രമത്തിനിടെ ബോട്ടു മുങ്ങിയും നിർജ്ജലീകരണത്തിലൂടെയും പട്ടിണിയിലും മരണപ്പെടുന്നവരും- ക്രിമിനല്‍ സംഘങ്ങളുടെ പിടിയിലകപ്പെട്ട് നിർബന്ധിത തൊഴിലിനും, മർദ്ദനങ്ങള്‍ക്കും ബലാത്സംഗമടക്കമുള്ള അതിക്രമങ്ങള്‍ക്കും ഇരകളായി കൊല്ലപ്പെടുന്നവരും ഇതിലുള്‍പ്പെടുന്നു. കണ്ടെടുത്ത ചില മൃതദേഹങ്ങളില്‍ നിന്ന് വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. ഗദ്ദാഫി അട്ടിമറിക്കപ്പെട്ട 2011നുശേഷമുള്ള ലിബിയയിലെ രാഷ്ട്രീയ അരാജകത്വവും ഇതിന് വളമാകുന്നു.
കഴിഞ്ഞവർഷം ലിബിയന്‍ തലസ്ഥാനമായ ട്രിപ്പൊളിയുടെ തെക്ക് ഷുവൈരിഫില്‍ നിന്ന് 65 കുടിയേറ്റക്കാരുടെ മൃതദേഹങ്ങളടങ്ങിയ കുഴിമാടം കണ്ടെത്തിയിരുന്നു. 2024ൽ കുടിയേറ്റശ്രമത്തിനിടെ മരിക്കുകയോ കാണാതാവുകയോ ചെയ്തവരുടെ എണ്ണം 2200 കവിഞ്ഞതായാണ് യുണിസെഫിന്‍റെ കണക്ക്.