
വയനാട് ഉരുള്‍പൊട്ടല്‍ നടന്ന ചൂരല്‍മലയില്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മഴക്കാലത്തിനു മുന്‍പു തന്നെ എന്‍ഡിആര്‍എഫ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നുവെന്ന് എന്‍ഡിആര്‍എഫ് ഡിഐജി ഭരത് ഭൂഷന്‍ വൈദ്. രണ്ട് എന്‍ഡിആര്‍എഫ് സംഘം ഇപ്പോള്‍ ചൂരല്‍മലയിലുണ്ട്. ദുരന്ത മേഖലയിലേക്ക് രണ്ട് സംഘം കൂടി പുറപ്പെട്ടിട്ടുണ്ടെന്ന് ഭരത് ഭൂഷന്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. എന്നാല്‍ തീവ്രത കുറഞ്ഞിട്ടുണ്ട്. ചൂരല്‍മല പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിനു വെല്ലുവിളിയായെന്നും എന്‍ഡിആര്‍എഫ് ഡിഐജി പറഞ്ഞു.
ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 60 ആയി. നിരവധിപ്പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. എന്‍ഡിആര്‍എഫിനൊപ്പം സൈന്യവും നാവിക സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.