
വയനാട്ടിൽ ആദിവാസി യുവാവിനെ ക്രൂരമായി കാറിൽ വലിച്ചിഴച്ച സംഭവത്തിലെ മറ്റ് രണ്ട് പ്രതികൾ കൂടി പൊലീസിന്റെ പിടിയിലായി. പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതി ഉൾപ്പടെ രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിദ്, അഭിരാം എന്നിവരെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്‍തത്. കേസിലെ മുഖ്യപ്രതിയാണ് മുഹമ്മദ് അർഷിദ്. സംഭവത്തിനു ശേഷം മൈസൂരിലേക്ക് പോയ പ്രതികൾ തിരിച്ച് നാട്ടിലേക്ക് മടങ്ങവേ ബസിൽ നിന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ച KL 52 H 8733 എന്ന നമ്പറിലുള്ള കാർ കണിയാമ്പറ്റയിലെ ബന്ധു വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കുറ്റിപ്പുറം സ്വദേശിയാണ് കാറിൻ്റെ ആര്‍സി ഉടമയെന്ന് രേഖകളില്‍ നിന്നും വ്യക്തമായെങ്കിലും കാർ നേരത്തേ വിറ്റതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തിൽ കണിയാമ്പറ്റ സ്വദേശിയായ അർഷിദും മൂന്ന് സുഹൃത്തുക്കളുമാണ് കാറിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കുളിക്കാൻ എന്ന് പറഞ്ഞ് വണ്ടിയെടുത്ത് പോവുകയായിരുന്നുവെന്നാണ് കാറിൻ്റെ നിലവിലെ ഉടമയായ ബന്ധു പൊലീസിന് നൽകിയ മൊഴി.
കൂടൽക്കടവ് ചെമ്മാട് ഉന്നതിയിലെ മാതനാണ് ക്രൂരപീഡനത്തിന് ഇരയായത്. പയ്യമ്പള്ളി കൂടൽക്കടവ് ചെക്ക്ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കം. അക്രമിസംഘം സഞ്ചരിച്ച കാർ കൂടൽക്കടവിലെ ഒരു കടയുടെ മുന്നിൽ നിർത്തി അസഭ്യം പറഞ്ഞുവെന്ന് നാട്ടുകാർ പറയുന്നു. ശേഷം പിന്നിൽ വരികയായിരുന്ന മറ്റൊരു കാറിലുണ്ടായിരുന്നവരുമായി ഇവർ തർക്കമായി.
രണ്ടാമത്തെ കാറിലുണ്ടായിരുന്ന യുവാവിനെ കരിങ്കല്ലുമായി ആക്രമിക്കാൻ ശ്രമിച്ചത് തടയാനെത്തിയ മാതനു നേരെ അക്രമിസംഘം തിരിയുകയായിരുന്നു. കാറിനുള്ളിൽ നിന്ന് കൈയ്യിൽ പിടിച്ച് യുവാവിനെ റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു. അര കിലോമീറ്ററിലേറെയാണ് മാതനെ കാറിൽ ടാർ റോഡിലൂടെ സംഘം വലിച്ചിഴച്ചത്. ഇരു കാലുകൾക്കും തുടകൾക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മാതൻ ഇപ്പോൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.